മധുര- തമിഴ്‌നാട്ടിലെ മധുര റെയിൽവേ സ്‌റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഒമ്പത് തീർഥാടകരുടെയും മൃതദേഹങ്ങൾ വിമാനമാർഗം യു.പിയിലെ ലഖ്നൗവിലേക്ക് കൊണ്ടുപോകും. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബുക്ക് ചെയ്‌ത കോച്ചിലാണ് തീപിടിത്തമുണ്ടായത്.
എല്ലാ മൃതദേഹങ്ങളും ചെന്നൈയിലെത്തിച്ച് തുടർന്ന് നേരിട്ട് ലഖ്‌നൗവിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോകും. മൃതദേഹങ്ങൾ എംബാം ചെയ്തിട്ടുണ്ട്. ഐആർസിടിസി മറ്റ് യാത്രക്കാരെ ദൽഹി വിമാനം വഴി ലഖ്‌നൗവിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും റിലീഫ് കമ്മീഷണർ നവീൻ കുമാർ ജിഎസ് അറിയിച്ചു.
റെയിൽവേ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾ ഭൂരിഭാഗവും ലഖ്നൗ പ്രദേശത്തിന് ചുറ്റുമാണ്. അതിനാലാണ് മൃതദേഹങ്ങൾ വിമാനത്തിൽ ലഖ്നൗവിലെത്തിച്ച് കുടുംബങ്ങൾക്ക് കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെ ലഖ്‌നൗവിൽ നിന്ന് രാമേശ്വരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ടൂറിസ്‌റ്റ് കോച്ചിലുണ്ടായ തീപിടിത്തത്തിലാണ് ഒമ്പത് പേർ മരിച്ചത്. മധുര റെയിൽവേ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. ഏതാനും യാത്രക്കാർ കോച്ചിൽ ഗ്യാസ് സിലിണ്ടറുകൾ ഒളിച്ചു കടത്തിയതാണ് തീപിടിത്തത്തിന് കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.