സ്ത്രീകള്‍ക്ക് മുസ്‌ലിം പള്ളികളിലും വിലക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ്; വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് ജഡ്ജിമാര്‍

ന്യൂദല്‍ഹി- ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് വീണ്ടും. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുമ്പോഴാണ് ദേവസ്വം ബോര്‍ഡ് തുടര്‍ച്ചയായി എതിര്‍നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കുന്നത്.  മനസ്സും ശരീരവും ശുദ്ധീകരിക്കാനാണ് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നതെന്നും സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വാദിച്ചു. ഇക്കാരണത്താലാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം. ശാരീരികമായി ഈ പ്രത്യേകതയുള്ള എല്ലാവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. സ്ത്രീ എന്നത് മാത്രമല്ല നിയന്ത്രണത്തിന് അടിസ്ഥാനം. മുസ്‌ലിം പള്ളികള്‍ അടക്കം വിവിധ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ടെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. ക്ഷേത്ര ആചാരങ്ങളില്‍ തീരുമാനം എടുക്കേണ്ട അവസാനത്തെ ആള്‍ തന്ത്രിയാണെന്ന വാദവും ദേവസ്വം ബോര്‍ഡ് മുന്നോട്ടുവെച്ചു.
മാസത്തിലെ അഞ്ച് ദിവസം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് നിലപാട് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച കാര്യം ഈ ഘട്ടത്തില്‍ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചു. ഈ അഞ്ച് ദിവസത്തേക്ക് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പ വിഗ്രഹം അപ്രത്യക്ഷമാകുമോയെന്നു ചോദിച്ച കോടതി  ബോര്‍ഡിന്റെ നിലപാടില്‍ വ്യക്തതയില്ലെന്നും കുറ്റപ്പെടുത്തി. ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണെന്നും ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടന പ്രകാരം ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഢും ചൂണ്ടിക്കാട്ടി.
ഏതാനും സ്ത്രീകള്‍ എല്ലാ കാലത്തും ശബരിമലയില്‍ പോയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങള്‍ക്ക് പരമാവധി 50 വര്‍ഷത്തെ പഴക്കമേയുള്ളൂ. 1950 ന് ശേഷം എല്ലാം ഭരണഘടന അടിസ്ഥാനമാക്കിയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ഓര്‍മിപ്പിച്ചു.  95 ശതമാനം സ്ത്രീകളും നിയന്ത്രണങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും അഞ്ച് ശതമാനത്തിന് മാത്രമേ വിയോജിപ്പുള്ളൂവെന്ന ബോര്‍ഡിന്റെ വാദത്തോടും കോടതി വിയോജിച്ചു.

 

 

Latest News