മറാത്ത സംവരണ പ്രക്ഷോഭത്തില്‍ പരക്കെ അക്രമം; ബുധനാഴ്ച ബന്ദ്

മുംബൈ- മറാത്ത സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശക്തമായ മഹാരാഷ്ട്രയില്‍ ബുധനാഴ്ച ബന്ദ് പ്രഖ്യാപിച്ചു. നവി മുംബൈ, താനെ റായ്ഗഢ്, പല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാലയങ്ങളേയും ആശുപത്രികളേയും ആംബുലന്‍സുകളേയും ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും ഔറംഗാബാദ്, ഉസ്മാനാബാദ്, ബീഡ്, അഹ്മദ് നഗര്‍ തുടങ്ങിയ മറാത്ത്‌വാഡ ജില്ലകളില്‍ സംവരണ പ്രക്ഷോഭം രൂക്ഷമാണ്. ഔറംഗാബാദിലെ ഗംഗാപുരില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ ഒരു ട്രക്ക് കത്തിച്ചു. ഒരാള്‍ നദിയിലേക്ക് ചാടിയും ഒരാള്‍ വിഷം കഴിച്ചും ആത്മാഹത്യക്ക് ശ്രമിച്ചു. ഇവര്‍ ആശുപത്രിയിലാണ്. ശിവസേന എം.പി ചന്ദ്രകാന്ത് ഖൈറെയുടെ വാഹനം ആക്രമിച്ചു. പല ഭാഗങ്ങളിലും ബസ് സര്‍വീസ് റദ്ദാക്കി. പര്‍ബാനിയിലെ ഗംഗാഘടില്‍ പ്രതിഷേധക്കാര്‍ ഒരു വാഹനം കത്തിക്കുകയും ഒരു പോലീസ് വാനടക്കം 13 വാഹനങ്ങള്‍ക്ക് കേടുവരുത്തകയും ചെയ്തു. ഗംഗാപുരില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ തലമുണ്ഡനം ചെയ്താണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഔറംഗാബാദ് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കാകാസാഹെബ് ഷിന്‍ഡെയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പ്രതിഷേധിക്കാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. പിന്നീട് മൃതദേഹം സംസ്‌കരിച്ചു.

 

Latest News