ബംഗളൂരു- ചന്ദ്രയാന്‍ ദൗത്യം വിജയമാക്കിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനായി ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കുന്നതില്‍നിന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിലക്കി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കിയത് ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഇന്ന് പുലര്‍ച്ചെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയോ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറോ എത്തിയിരുന്നില്ല. പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ കണ്ടിരുന്നു. ഇത് പ്രധാനമന്ത്രിക്ക് അപ്രിയമുണ്ടാക്കി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുിന്നത്.
എന്നാല്‍ വെളുപ്പാന്‍ കാലത്ത് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതിയാണ് സ്വീകരിക്കാന്‍ വരേണ്ട എന്ന് അവരെ അറിയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങുന്നതിനാല്‍ സ്വീകരിക്കാന്‍ വരേണ്ടതില്ലെന്ന് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും ആവശ്യപ്പെട്ടിരുന്നു. ഞാന്‍ എപ്പോള്‍ ബെംഗളൂരുവില്‍ എത്തുമെന്ന് അറിയാത്തതിനാല്‍ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു- പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാല്‍ കോണ്‍ഗ്രസ് ഇത് തളളി. മോഡിക്ക് മുമ്പ് കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിലക്കിയത്. ഇത് ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ്. ഇത് നല്ല രാഷ്ട്രീയമല്ല. 2008ല്‍ മുഖ്യമന്ത്രിയായ മോഡി അഹമ്മദാബാദിലെ ബഹിരാകാശ കേന്ദ്രം സന്ദര്‍ശിച്ചത് മറന്നതാണോ? ചന്ദ്രയാന്‍1ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷമായിരുന്നു അത്. ഡോ. മന്‍മോഹന്‍ സിംഗായിരുന്നു പ്രധാനമന്ത്രി- കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.






