നിറഞ്ഞ കുളങ്ങളും പുഴകളുമായിരുന്നു ഓണക്കാലത്തിന്റെ സമൃദ്ധിയുടെ അടയാളം. കുട്ടികൾക്ക് പുഴകളിലും കുളങ്ങളിലും നീന്തിക്കുളിയും മുതിർന്നവർക്ക് വള്ളംകളിയും ഓണക്കാല വിനോദത്തിന്റെ ഭാഗമായിരുന്നു. എന്നാൽ കുളങ്ങളിലും പുഴകളിലും വെള്ളം വളരെ താഴ്ന്ന നിലയിലാണിപ്പോൾ. ഓഗസ്റ്റ് മാസത്തിൽ 90 ശതമാനത്തിന്റെ കുറവാണ് മഴയിലുണ്ടായിരിക്കുന്നത്. വൈദ്യുതി കൂടിയ വിലക്ക് പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് നമ്മളിപ്പോൾ. നല്ല മഴ ഉടനെ കിട്ടിയില്ലെങ്കിൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
കേരളം വരൾച്ചയിലേക്ക് നീങ്ങുകയാണോയെന്ന് ആശങ്കപ്പെടേണ്ട സ്ഥിതിയാണിപ്പോൾ. ഇടവപ്പാതി മഴ കാര്യമായിട്ട് നമുക്ക് ലഭിച്ചില്ല. സാധാരണ ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ ലഭിച്ചിരുന്ന മഴയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇങ്ങനെ പോയാൽ വലിയൊരു വരൾച്ചയാവും നമ്മെ കാത്തിരിക്കുന്നത്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 15 വരെ നമുക്ക് ലഭിക്കേണ്ടത് 1556 മില്ലിമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചതോ വെറും 877.1 മില്ലിമീറ്റർ മഴയും. നാൽപത്തിനാല് ശതമാനത്തിന്റ കുറവാണ് സംഭവിച്ചത്. മഴയാണ് കേരളത്തിന്റെ അടിസ്ഥാനം. മഴക്കുറവ് നമ്മുടെ എല്ലാ ജീവിത മേഖലകളെയും തകർക്കും.
നിറഞ്ഞ കുളങ്ങളും പുഴകളുമായിരുന്നു ഓണക്കാലത്തിന്റെ സമൃദ്ധിയുടെ അടയാളം. കുട്ടികൾക്ക് പുഴകളിലും കുളങ്ങളിലും നീന്തിക്കുളിയും മുതിർന്നവർക്ക് വള്ളംകളിയും ഓണക്കാല വിനോദത്തിന്റെ ഭാഗമായിരുന്നു. എന്നാൽ കുളങ്ങളിലും പുഴകളിലും വെള്ളം വളരെ താഴ്ന്ന നിലയിലാണിപ്പോൾ. ഓഗസ്റ്റ് മാസത്തിൽ 90 ശതമാനത്തിന്റെ കുറവാണ് മഴയിലുണ്ടായിരിക്കുന്നത്. മഴ ഏറ്റവും കുറവ് ഇടുക്കിയിലാണ്. ഇത് വൈദ്യുതി ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി കൂടിയ വിലക്ക് പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് നമ്മളിപ്പോൾ.
നല്ല മഴ ഉടനെ കിട്ടിയില്ലെങ്കിൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സെപ്റ്റംബറിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽനിനോ പ്രതിഭാസം മൂലം മഴസാധ്യത അടയുന്നതായാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. സംസ്ഥാനത്ത് ചൂട് വർധിച്ചുവരികയാണ്. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പോലും പുറപ്പെടുവിച്ചുകഴിഞ്ഞു. പൊതുജനങ്ങൾ പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. വേനൽകാലത്താണ് സാധാരണ ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കുക.
കാലാവസ്ഥ മുറതെറ്റിയതോടെ പ്രളയവും വരൾച്ചയും ഇന്നാടിന്റെ ഭാഗമായി മാറുകയാണ്. അഞ്ഞൂറു വർഷത്തിലൊരിക്കലുണ്ടായിരുന്ന മഹാപ്രളയവും നൂറുകൊല്ലത്തിലൊരിക്കലുണ്ടായിരുന്ന പ്രളയവും ഇനി അതേപോലെ ആവർത്തിക്കണമെന്നില്ല. കാലാവസ്ഥ വ്യതിയാനം മൂലം പ്രകൃതിയുടെ താളമാകെ തെറ്റുകയാണ്. എപ്പോഴും എന്തും സംഭവിക്കാം. ഈ തിരിച്ചറിവാണ് മനുഷ്യർക്കുണ്ടാകേണ്ടത്.
ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയോടെ മനുഷ്യർ നേടിയ ഭൗതികമായ നേട്ടത്തിന്റെ അഴുക്കുകളൊക്കെ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ടത് പുഴയും കടലും ജലാശയങ്ങളുമാണ്. വ്യവസായവിപ്ലവം ഭൂമിയെ മലിനമാക്കി. കടലിനെ കുപ്പത്തൊട്ടിയാക്കി. ഇന്നു കാണുന്ന ഈ ആഡംബരങ്ങളുടെയൊക്കെ കാളകൂടം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത് നമ്മുടെ ജലാശയങ്ങളാണ്. പുറത്തേക്ക് തുപ്പുന്ന നമ്മൾ ഉള്ളിലേക്ക് കൂടിയാണ് തുപ്പുന്നതെന്ന് മറക്കരുത്. ഭൂമിയുടെ 71 ശതമാനവും വെള്ളമാണെങ്കിലും കുടിക്കാൻ കൊള്ളാവുന്നത് 1.2 ശതമാനം വെള്ളം മാത്രമേയുള്ളൂവെന്ന് ഓർക്കണം. ജലസംരക്ഷണത്തെക്കുറിച്ച് നമ്മൾ മറന്നു. ജലമലീനീകരണം സാധാരണമായി. മാലിന്യം വലിച്ചെറിയുന്നതിൽ തുടങ്ങി കൊടുംവിഷമുള്ള രാസലായനി കുടിവെള്ളത്തിലേക്ക് ഒഴുക്കിവിടുന്ന ഫാക്ടറികൾ വരെ ഇവിടെ കാണാം. പഴമക്കാർ നമ്മേക്കാൾ എത്രയോ ഉയർന്ന നിലയിലാണ് പ്രകൃതിയെ പരിഗണിച്ചിരുന്നത്. കുടിവെള്ളം ജീവനാണെന്നവർ തിരിച്ചറിഞ്ഞിരുന്നു.
വയനാട്ടിലെ ആദിവാസികളുടെ ഇടയിൽ ജലത്തെ പൂജിക്കുന്ന രീതിയുണ്ട്. ഉറവയുള്ള ഭൂമിയിൽ നിലത്തുനിന്ന് രണ്ടോ മൂന്നോ അടി മാത്രം കുഴിച്ച് അവിടെ കല്ലുകൾ പാകി ചെളികൊണ്ടു പൊതിഞ്ഞ് കെണിയുണ്ടാക്കും. വർഷം മുഴുവൻ ശുദ്ധജലം ലഭിക്കാനും തങ്ങളുടെ കൃഷിയിടങ്ങളിൽ നല്ല വിളവ് ലഭിക്കാനും ഈ കെണിയെ ആവർ ആരാധിക്കുന്നു. വർഷത്തിലൊരിക്കൽ ആചാരപൂർവം കെണി വൃത്തിയാക്കി പുലർകാല പൂജകൾ ചെയ്ത് ജലദേവതയോട് പ്രാർത്ഥിക്കും. ഗോത്രജനത തങ്ങളുടെ ഏത് കാര്യത്തിനും ഈ കെണിയിൽനിന്നുള്ള വെള്ളമെടുത്താണ് ഉപയോഗിക്കുക. കുടിക്കാനും ആഹാരം പാചകം ചെയ്യാനും കെണിയിലെ വെള്ളം വേണം. കുഞ്ഞു പിറക്കുമ്പോൾ മുതൽ പ്രായമായി മരിക്കുമ്പോൾ വരെ ഈ കെണിയുടെ ജലസാന്നിധ്യം വിട്ടൊഴിയാതെ കൂടെയുണ്ടാകും. ജലത്തെ നമ്മുടെ ജനത എത്രപവിത്രമായാണ് കണ്ടിരുന്നതെന്നതിന് ഇതിൽപരം ഒരു തെളിവ് വേണോ. കിണറും പരിസരവും എത്ര വൃത്തിയോടെയും ആദരവോടെയുമായിരുന്നു നമ്മളുടെ പൂർവികർ പരിപാലിച്ചിരുന്നത്.
നമ്മൾ ഈ ഭൂമിയുടെ സൂക്ഷിപ്പുകാർ മാത്രമാണെന്ന ബോധം നമുക്ക് നഷ്ടമായി. കടലിനോടും പുഴയോടും മരത്തോടും ജലത്തോടും പർവതത്തോടും കല്ലിനോടുമെല്ലാമുള്ള സമഭാവനയാണ് മനുഷ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന തലം.
സംസ്‌കാരങ്ങളൊക്കെ വളർന്ന് വികസിച്ചത് പുഴത്തടങ്ങളിലാണ്. ജലസമൃദ്ധിയാണ് ഒരു നാടിന്റെ ഐശ്വര്യം.
ഇന്നത്തെപ്പോലെ വിദ്യാഭ്യാസം അക്കാലത്ത് എല്ലാവർക്കും ലഭിച്ചിരുന്നോയെന്നെനിക്കറിയില്ല. ഒരുപക്ഷേ അവരിൽ ഭൂരിപക്ഷവും നിരക്ഷരർ ആയിരുന്നിരിക്കാം. എന്നാൽ ഒന്നവർക്കറിയമായിരുന്നു, പ്രകൃതിയെ നശിപ്പിച്ചാൽ മനുഷ്യ കുലം മുടിയുമെന്ന്. ഇന്നെല്ലാവർക്കും വിദ്യാഭ്യാസമുണ്ട്. എന്നാൽ പ്രകൃതി നശീകരണം അതിന്റെ ഉച്ചസ്ഥായിയിലാണുതാനും. അപ്പോൾ ഒരു കാര്യം നമുക്ക് ബോധ്യമാവേണ്ടതുണ്ട്, നമ്മുടെ വിദ്യാഭ്യാസത്തിന് കാര്യമായി എന്തോ കുഴപ്പമുണ്ടെന്ന്.
ഉന്നത വിദ്യാഭ്യാസം നേടിയവരാണ് പ്രകൃതി മുച്ചൂടും നശിപ്പിക്കാൻ മുന്നിട്ടു നിൽക്കുന്നവരിലേറെയുമെന്നത് കൗതുകകരമായിതോന്നാം. ഇവിടെ നടപ്പാക്കിയ വികസനങ്ങളുടെയും പദ്ധതികളുടെയും പിന്നിൽ ഇക്കൂട്ടരായിരുന്നുവല്ലോ. എല്ലാം മോശമായിരുന്നുവെന്നല്ല ഇതിന്റെ അർത്ഥം. വികസനക്കുതുപ്പിൽ പ്രകൃതിയെ പരിഗണിച്ചില്ലെന്ന പരാതിയാണുള്ളത്. പ്രകൃതിയെ പരമാവധി കൊള്ള ചെയ്യലായിരുന്നു നമുക്ക് വികസനം.
കുബ്ലാംഖാനെ പോലെയുള്ളവർ ജലം മലിനമാക്കിയിരുന്നവർക്ക് വധശിക്ഷ പോലും നൽകിയിരുന്നു. അക്കാലത്തെ ഭരണകർത്താക്കൾ ജലത്തിന് നൽകിയിരുന്ന പ്രാധാന്യമാണിത് കാണിക്കുന്നത്. ഇന്നത്തെ ഭരണകർത്താക്കളോ? ഇവിടെ വെള്ളത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും സംരക്ഷണത്തിന് ഫലപ്രദമായൊരു നിയമം ഇപ്പോഴുമില്ലെന്ന് ഓർക്കുക. ജനാധിപത്യം ഏത് വഴിയെയാണ് സഞ്ചരിക്കുന്നത്. നേർവഴിക്കാണോ. 44 പുഴകളും നിരവധി നിർച്ചാലുകളും എവിടെ നോക്കിയാലും തോടുകളും കുളങ്ങളും ഒക്കെയുണ്ടായിരുന്ന സുജലയായ കേരളത്തിൽ പോലും കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതെന്തുകൊണ്ടെന്ന് നമ്മൾ ആലോചിക്കണം. 3000 മില്ലിമീറ്റർ മഴ ആണ്ടോടാണ്ടു കിട്ടിക്കൊണ്ടിരുന്ന നാടാണ് കുടിവെള്ളത്തിനായി തൊണ്ട വരണ്ട് കേഴേണ്ടിവരുന്നത്, വരൾച്ചയിൽ ഉരുകുന്നത്, തോടുകളും നീർച്ചാൽ വഴികളും നികത്തിയതോടെ പ്രളയ ജലത്തിൽ മുങ്ങുന്നത്. ജലസംരക്ഷണത്തിലും പ്രകൃതി സംരക്ഷണത്തിലും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട കാലമാണിത്. ഓരോ പ്രളയവും വരൾച്ചയും അതാണ് നമ്മോട് പറയുന്നത്.






