ചൈനയിലേക്കുള്ള സൗദി എണ്ണ കയറ്റുമതിയില്‍ വര്‍ധന

ജിദ്ദ - ചൈനയിലേക്കുള്ള സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ വര്‍ധന. ഓഗസ്റ്റില്‍ പ്രതിദിനം 19 ലക്ഷം ബാരല്‍ എണ്ണ തോതില്‍ സൗദി അറേബ്യ ചൈനയിലേക്ക് കയറ്റി അയച്ചു. ജൂലൈയില്‍ പ്രതിദിനം 13.3 ലക്ഷം ബാരല്‍ തോതിലായിരുന്നു ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി. ഓഗസ്റ്റില്‍ ചൈനയിലേക്കുള്ള റഷ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 13.8 ലക്ഷം ബാരലായും ഉയര്‍ന്നു. ജൂലൈയില്‍ പ്രതിദിനം 13.6 ലക്ഷം ബാരല്‍ എണ്ണ തോതിലാണ് റഷ്യ ചൈനയിലേക്ക് കയറ്റി അയച്ചത്. ജൂലൈയില്‍ ചൈനയിലേക്കുള്ള സൗദി എണ്ണ കയറ്റുമതി 12 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് താഴ്ന്നിരുന്നു.
ഒപെക് പ്ലസ് കരാര്‍ പ്രകാരം സൗദി അറേബ്യ എണ്ണയുല്‍പാദനം റെക്കോര്‍ഡ് നിലയില്‍ കുറച്ചിട്ടും ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിന ഉല്‍പാദനത്തില്‍ അഞ്ചു ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്തുമെന്ന് ഏപ്രിലില്‍ സൗദി അറേബ്യ അറിയിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രതിദിന ഉല്‍പാദനത്തില്‍ സ്വമേധയാ പത്തു ലക്ഷം ബാരലിന്റെ വീതം അധിക കുറവ് വരുത്തുമെന്ന് പിന്നീട് സൗദി അറേബ്യ അറിയിച്ചു. ഇത് പിന്നീട് സെപ്റ്റംബറിലേക്കു കൂടി ദീര്‍ഘിപ്പിച്ചു. ഇതോടെ സൗദി അറേബ്യയുടെ പ്രതിദിന ഉല്‍പാദനം 90 ലക്ഷം ബാരലായി. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പാദന തോതാണിത്.

 

Latest News