മാനന്തവാടി-വയനാട്ടിലെ മാനനന്തവാടിക്കു സമീപം കണ്ണോത്തുമലയില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ തിരിച്ചുപിടിച്ച അഞ്ചുപേര്‍ ആശുപത്രിയില്‍ കഴിയുന്നത് നീറുന്ന മനസോടെ. ഒരേ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നതില്‍ ഒമ്പതു പേര്‍ ഇനിയില്ലെന്ന തിരിച്ചറിവില്‍ തകരുകയാണ് അവരുടെ ഹൃദയം. ജീപ്പ് ഡ്രൈവര്‍ മണി(44), തൊഴിലാളികളായ ഉമാദേവി ചിന്നയ്യന്‍(40), ജയന്തി പുഷ്പരാജന്‍(45), ലത സുബ്രഹ്മണ്യന്‍(38), മോഹനസുന്ദരി മണികണ്ഠന്‍(42)എന്നിവരാണ് ഏകേദേശം 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് പാറക്കെട്ടില്‍ ഇടിച്ച് പിളര്‍ന്ന ജീപ്പില്‍നിന്നു അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇവരില്‍ ലത കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
മക്കിമല ആറാം നമ്പര്‍ കോളനിയില്‍നിന്നു വാളാടിനു സമീപം സ്വകാര്യ ചെറുകിട തോട്ടങ്ങളില്‍ തേയില നുള്ളാന്‍ പോയി മടങ്ങുകയായിരുന്ന 13 സ്ത്രീ തൊഴിലാളികളും ഡ്രൈവറുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ചുരത്തിനു സമാനമായ റോഡില്‍ ഇറക്കവും വളവും ഉള്ള ഭാഗത്താണ് വാഹനം നിയന്ത്രണം വിട്ടത്. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്നാണ് ഡ്രൈവറുടെ മൊഴി.
ആറാംനമ്പര്‍ കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല(42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), കാപ്പില്‍ പരേതനായ മമ്മുവിന്റെ റാബിയ(55), പദ്മനാഭന്റെ ഭാര്യ ശാന്ത(45), വേലായുധന്റെ ഭാര്യ കാര്‍ത്യായനി(62), ബാബുവിന്റെ ഭാര്യ ഷാജ(42), കാര്‍ത്തികിന്റെ ഭാര്യ ചിത്ര (28), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി(57)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയ മൃതദേഹങ്ങള്‍ ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങും.
വൈകുന്നേരം നാലോടെ റാബിയയുടെ മൃതദേഹം മക്കിമല ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറ്റുള്ളവരുടേത് വീട്ടുവളപ്പിലും ആറാം നമ്പര്‍ പൊതുശ്മശാനത്തിലുമായാണ് സംസ്‌കരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍നിന്നു വിലാപയാത്രയായി മക്കിമലയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ഗവ.എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് വീടുകളിലേക്ക് എടുക്കുക.
ദുരന്തത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് മക്കിമല ആറാംനമ്പര്‍ കോളനി. 23 വീടുകളാണ് ആറാം നമ്പര്‍ കോളനിയില്‍. തമിഴ്നാട് സ്വദേശികളാണ് തൊഴിലാളികളില്‍ ചിലര്‍. തേയിലത്തോട്ടങ്ങളിലെ ജോലിയാണ് കോളനിവാസികളുടെ മുഖ്യ ഉപജീവനമാര്‍ഗം. ഇടനിലക്കാര്‍ വിട്ടുകൊടുക്കുന്ന വാഹനങ്ങളിലാണ് ചെറുകിട തോട്ടങ്ങളിലേക്കും തിരിച്ചും തൊഴിലാളികളുടെ യാത്ര. പതിവുപോലെ ഇന്നലെ കോളനിയില്‍നിന്നു കൊളുന്തു നുള്ളാന്‍ പോയതില്‍ ഒമ്പതുപേരാണ് അന്ത്യയാത്രയായത്.