ജിദ്ദ - അമേരിക്കയിൽ പുഴയിൽ ഒഴുക്കിൽ പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച സൗദി വിദ്യാർഥികളായ ജാസിർ ബിൻ ദഹാം അൽയാമിക്കും ദീബ് ബിൻ മാനിഅ് അൽയാമിക്കും രാഷ്ട്രത്തിന്റെ ആദരം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മരണാനന്തര ബഹുമതിയായി ഇരുവർക്കും കിംഗ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചു. ഇരുവരുടെയും രക്ഷാകർത്താക്കൾ രാജാവിൽ നിന്ന് മെഡൽ സ്വീകരിച്ചു. രണ്ടു പേരുടെയും കുടുംബങ്ങൾക്ക് പത്തു ലക്ഷം റിയാൽ വീതവും രാജാവ് സമ്മാനിച്ചു.
ജിദ്ദ അൽസലാം കൊട്ടാരത്തിൽ വിദ്യാർഥികളുടെ ബന്ധുക്കളെ സ്വീകരിച്ച രാജാവ് അവരുടെ അകാല വിയോഗത്തിൽ അനുശോചനം അറിയിച്ചു. സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, രാജാവിന്റെ അസിസ്റ്റന്റ് സെക്രട്ടറി തമീം അൽസാലിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിൽ പുഴയിൽ ഒഴുക്കിൽപെട്ട രണ്ടു കുട്ടികളെ ജാസിർ ബിൻ ദഹാം അൽയാമിയും ദീബ് ബിൻ മാനിഅ് അൽയാമിയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മാതാവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയാണ് ഇരുവരും പുഴയിലേക്ക് എടുത്തുചാടിയത്. നിരവധിപേർ നോക്കിനിൽക്കവെയായിരുന്നു സ്വന്തം ജീവൻ തൃണവൽഗണിച്ച് ഇരുവരും രക്ഷാപ്രവർത്തത്തിന് മുന്നിട്ടിറങ്ങിയത്. ഒഴുക്കിൽപെട്ട രണ്ടു കുട്ടികളെയും രക്ഷപ്പെടുത്തുന്നതിന് ഇരുവർക്കും സാധിച്ചെങ്കിലും തിരിച്ചുകയറുന്നതിനു മുമ്പായി ഇരുവരും ശക്തമായ ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. സർക്കാർ സ്‌കോളർഷിപ്പോടെ അമേരിക്കയിൽ ഉപരിപഠനം നടത്തിവന്ന ഇരുവരും ബിരുദം നേടി സ്വദേശത്തേക്ക് തിരിച്ചുവരാനിരിക്കുന്നതിനിടെയാണ് സ്വന്തം ജീവൻ ബലി നൽകി രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ചത്.