Sorry, you need to enable JavaScript to visit this website.

ആല്‍വാര്‍ ആള്‍കൂട്ട കൊലപാതകം: യുവാവ് മരിച്ചത് പോലീസ് കസ്റ്റഡിയിലെന്ന് മന്ത്രി

ജയ്പൂര്‍- രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്തിന്റെ പേരില്‍ ആള്‍കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മുസ്ലിം യുവാവ് മരിച്ചത് പോലീസ് കസ്റ്റഡിയിലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി. ആക്രമണത്തില്‍ ഗരുതരമായി പരിക്കേറ്റു മരിച്ച റക്ബര്‍ ഖാനെ മൂന്നു മണിക്കൂറിനു ശേഷമാണ് പോലീസ് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചതെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ഇക്കാര്യത്തില്‍ പോലീസിന്റെ വീഴ്ച ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ഈ കൊലപാതകം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

റക്ബര്‍ ഖാന്‍ മരിച്ചത് പോലീസ് കസ്റ്റഡിയിലാണെന്ന് ഇതുവരെ ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നു. പോലീസ് സമയം വൈകിപ്പിച്ചതാണ് മരണത്തിനിടയാക്കിയത്-മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. പോലീസ് ആദ്യം ചെയ്തത് റക്ബര്‍ ഖാനില്‍ നിന്നും പിടിച്ചെടുത്ത പശുക്കളെ ഗോശാലയിലെത്തിക്കുകയായിരുന്നു. അവര്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം പോലീസ് കസ്റ്റഡിയില്‍ റക്ബര്‍ ഖാന്‍ മര്‍ദിക്കപ്പെട്ടതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞു മാറി.

റക്ബര്‍ ഖാനേയും സുഹൃത്ത് അസ്ലമിനേയും വെള്ളിയാഴ്ച രാത്രിയാണ് ആള്‍കൂട്ടം മര്‍ദ്ദിച്ചത്. അസ്ലം ഓടി രക്ഷപ്പെടുകയായിരുന്നു. റക്ബര്‍ ഖാനെ പിടികൂടി മര്‍ദിച്ച് അവശനാക്കിയ ശേഷം ആക്രമി സംഘത്തിലുണ്ടായിരുന്ന നവര്‍ കിഷോര്‍ എന്ന ഹിന്ദുത്വ പ്രവര്‍ത്തകനാണ് പോലീസിനെ വിവരമറിയിച്ചത്. പശുക്കളെ ഗോശാലയിലെത്തിക്കാന്‍ പോലീസിനെ സഹായിച്ചതും കിഷോര്‍ ആയിരുന്നു. 

ആക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയ റക്ബര്‍ ഖാന്‍ പോലീസ് വാഹനത്തില്‍ നിവര്‍ന്നിരിക്കുന്ന ചിത്രവും പുറത്തു വിട്ടത് നവല്‍ കിഷോറാണ്. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ റക്ബര്‍ ഖാന് കാര്യമായ പ്രശ്മുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കാനായിരുന്നു കിഷോര്‍ ഈ ചിത്രം പുറത്തു വിട്ടത്. പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തിലിട്ട് റക്ബര്‍ ഖാനെ മര്‍ദിച്ചതായി കഴിഞ്ഞ ദിവസം കിഷോറിന്റെ ഒരു ബന്ധു എന്‍.ഡി.ടി.വിയോട് വെളിപ്പെടുത്തിയിരുന്നു.

ആന്തരാവയങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്കു നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരില്‍ ഒരാളായ രാജീവ് ഗുപത് പറഞ്ഞു. ശരീരത്തില്‍ എട്ടിടത്ത് പൊട്ടലുകളുണ്ടായിരുന്നു.

മരിച്ച റക്ബര്‍ ഖാന്റെ വീടും മന്ത്രി കട്ടാരിയ ഇന്ന് സന്ദര്‍ശിച്ചു. 1.25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമുണ്ട്. ആദ്യമായാണ് ആള്‍കൂട്ട കൊലപാതകത്തിനിരയായവര്‍ക്ക് ബിജെപി സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കുന്നത്. റക്ബര്‍ ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
 

Latest News