ന്യൂദല്‍ഹി- കൊലപാതകക്കേസുകളില്‍ ഇരകളുടെ മരണ മൊഴി മാത്രം അടിസ്ഥാനമാക്കി എല്ലാപ്പോഴും പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി. മൊഴിയുടെ കൃത്യതയെക്കുറിച്ച് സംശയമുയരുന്ന കേസുകളെക്കുറിച്ചാണ് സുപ്രിം കോടതി പരാമര്‍ശം നടത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രിം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. 2014ല്‍ മൂന്നു പേരെ കൊന്ന കേസില്‍ വധശിക്ഷയ്ക്കു വിധിച്ച കേസായിരുന്നു കോടതി പരിഗണിച്ചത്.
മരണാസന്നരായ വ്യക്തികള്‍ കളവ് പറയില്ലെന്നാണ് സങ്കല്‍പ്പം. ഇത് അടിസ്ഥാനമാക്കിയാണ് മരണ മൊഴി വിശ്വാസ്യതയുള്ളതായി പരിഗണിക്കുന്നത്. കൊലപാതക കേസുകളില്‍ വിധി പറയാന്‍ മരണമൊഴികള്‍ ആശ്രയിക്കുമ്പോള്‍ കോടതികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
മരണ മൊഴി തെളിവായി മാത്രമേ സ്വീകരിക്കാവൂവെന്നും. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷാ വിധി പുറപ്പെടുവിക്കരുതെന്നും കോടതി വിശദമാക്കി. മരണ സമയത്തെ ഇരയുടെ മാനസികനില ശരിയാണെങ്കില്‍ മാത്രമേ മരണ മൊഴിയെ ആശ്രയിക്കാന്‍ സാധിക്കുകയുള്ളു. കോടതിയുടെ പരിഗണനയിലുളള ഉത്തര്‍പ്രദേശ് സ്വദേശിയുടെ കേസ് അങ്ങനെയല്ലെന്ന സംശയവും കോടതി പ്രകടമാക്കി.
ഇസ്ലാമുദ്ദീന്‍, ഇര്‍ഷാദ്, നൗഷാദ് എന്നീ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ ഇവരുടെ പിതാവ് ഇര്‍ഫാന്‍ എട്ടു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. അലാഹാബാദ് ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇര്‍ഫാന്‍ കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്നാണ് ജസ്റ്റിസുമാരായ ബി. ആര്‍. ഗവായ്, ജെ. ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ച് കണ്ടെത്തിയത്. പ്രതിയെ ഉടന്‍ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
ഇരകളുടെ ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റിരുന്ന സാഹചര്യത്തിലാണ് മൊഴിയെടുത്തതെന്നും ആ സമയത്ത് അവരുടെ മാനസിക നിലയെക്കുറിച്ച് സംശയമുണ്ടെന്നുമുള്ള പ്രതിയുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.