Sorry, you need to enable JavaScript to visit this website.

ജപ്പാന്‍ പസഫിക് സമുദ്രത്തിലേക്ക് മലിന ജലം ഒഴുക്കി തുടങ്ങി 

ടോക്കിയോ- ജപ്പാനിലെ തകര്‍ന്ന ഫുകുഷിമ ആണവോര്‍ജ്ജ പ്ലാന്റില്‍ ശുദ്ധീകരിച്ച് സൂക്ഷിച്ചിട്ടുള്ള മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്ന പ്രക്രിയ ജപ്പാന്‍ ഇന്നലെ ആരംഭിച്ചു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുകുഷിമ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറിക്ക് ശേഷം റിയാക്ടറുകളെ തണുപ്പിക്കാന്‍ ഉപയോഗിച്ചതടക്കം ആണവ നിലയത്തില്‍ ശുദ്ധീകരിച്ച് സൂക്ഷിച്ചിട്ടുള്ള റേഡിയോ ആക്ടീവ് ജലമാണിത്. ജലം സൂക്ഷിച്ചിരിക്കുന്ന ഭീമന്‍ ടാങ്കുകളിലെ സംഭരണശേഷി പൂര്‍ത്തിയായതോടെയാണ് നീക്കം.
ഇന്നലെ രാവിലെ 9.33 ഓടെയാണ് ജലം പുറന്തള്ളാന്‍ തുടങ്ങിയതെന്നും അസ്വഭാവിതകളൊന്നുമുണ്ടായില്ലെന്നും ആണവനിലയത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി അറിയിച്ചു. ഏകദേശം 17 ദിവസം കൊണ്ട് 7,800 ക്യുബിക് മീറ്റര്‍ ജലം പുറന്തള്ളും. ജലം സുരക്ഷിതമാണെന്നും മനുഷ്യര്‍ക്കോ പാരിസ്ഥിതിക്കോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും യു.എന്‍ അംഗീകരിച്ചിട്ടുണ്ട്. ജലത്തില്‍ മനുഷ്യന് ദോഷകരമാംവിധം റേഡിയോ ആക്ടീവ് ഘടകങ്ങളുടെ സാന്നിദ്ധ്യമില്ല. 13 ലക്ഷം ടണ്‍ ജലം ഒഴുക്കുന്ന പ്രക്രിയ ഏകദേശം 30 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 
ജലത്തില്‍ നിന്ന് ഹൈഡ്രജന്റെയും കാര്‍ബണിന്റെയും റേഡിയോ ആക്ടീവ് രൂപങ്ങളായ ട്രിറ്റിയവും കാര്‍ബണ്‍ - 14ഉം ഒഴികെയുള്ള റേഡിയോ ആക്ടീവ് ഐസൊടോപ്പുകള്‍ ശുദ്ധീകരിച്ച് മാറ്റുന്നു. ട്രിറ്റിയവും കാര്‍ബണ്‍ - 14ഉം ജലത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. തീരെ ചെറിയ അളവില്‍ മാത്രം റേഡിയേഷന്‍ പുറത്തുവിടുന്ന ഇവ രണ്ടും വളരെയധികമായാല്‍ മാത്രമേ മനുഷ്യന് ദോഷകരമാകൂ. കടലിലേക്ക് ഒഴുക്കുന്ന ജലത്തില്‍ ഇവയുടെ അളവ് അനുവദനീയമായ പരിധിയില്‍ നിന്ന് വളരെയേറെ താഴേയുമാണ്. 2011 മാര്‍ച്ച് 11നായിരുന്നു ഫുകുഷിമ ആണവദുരന്തം. ജപ്പാനെയും അയല്‍ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ സുനാമി തിരകള്‍ ആഞ്ഞുവീശുകയും ചെയ്തു. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനില്‍ മരിച്ചത്. സുനാമി തിരകള്‍ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി. റിയാക്ടറുകള്‍ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു.
അതേ സമയം, ജപ്പാന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന രംഗത്തുണ്ട്. ജപ്പാനില്‍ നിന്നുള്ള എല്ലാ സമുദ്രോത്പന്നങ്ങള്‍ക്കും ചൈന നിരോധനമേര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം 600 മില്യണ്‍ ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് ചൈന ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ജലം പുറന്തള്ളുന്നത് കടലിനെ മലിനമാക്കുമെന്നും ഇത് മേഖലയിലെ വിഭവങ്ങളെ ബാധിക്കുമെന്നുമാണ് ആശങ്ക. ജപ്പാന്റെയുള്ളിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജപ്പാന്റേത് സ്വാര്‍ത്ഥവും നിരുത്തരവാദിത്വപരവുമായ നടപടിയാണെന്നും ചൈന കുറ്റപ്പെടുത്തി. 
 

Latest News