ഹൈദരാബാദ്- വിവാഹം ചെയ്യാൻ പെണ്ണിനെ കണ്ടെത്തിയില്ലെന്ന് ആരോപിച്ച് മകൻ അമ്മയെ കൊലപ്പെടുത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. വിവാഹത്തിന് അനുയോജ്യരായ വധുവിനെ കണ്ടെത്താൻ ശ്രമിച്ചില്ലെന്നാരോപിച്ചാണ് 45 കാരിയെ മകൻ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
സിദ്ദിപേട്ട് ജില്ലയിലെ ബന്ദ മൈലാരം ഗ്രാമത്തിലെ വസതിയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
സ്ത്രീയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ ന്വേഷണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മകനും മറ്റൊരു ബന്ധുവും കുറ്റം സമ്മതിച്ചു. യുവതിയെ ഇഷ്ടിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി അവർ സ്ത്രീയുടെ കഴുത്തറുക്കുകയും കാലുകൾ വെട്ടിയെടുക്കുകയും ചെയ്തു. കവർച്ചക്കുവേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനാണ് മകൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.