സൗദിയില്‍ പലിശക്കാര്‍ കുടുക്കിയ മലയാളി കുടുംബം നാടണഞ്ഞു

സജീവിന്റെ കുടുംബത്തിന്റെ യാത്രാ രേഖകള്‍ പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കൈമാറുന്നു.
സജീവിന്റെ കുടുംബത്തിനുള്ള വിമാന ടിക്കറ്റ് നവോദയ പ്രവര്‍ത്തകര്‍ കൈമാറുന്നു.
ദമാം- പലിശക്കാരില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതെ മൂന്നു വര്‍ഷമായി ദുരിതത്തില്‍ കഴിഞ്ഞ മലയാളി കുടുംബം നാട്ടിലേക്ക് മടങ്ങി. 21 വര്‍ഷമായി സൗദിയിലെ ദമാമില്‍ സോഫ കടയില്‍ ജോലി ചെയ്തു വന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി സജീവിന്റെ കുടുംബമാണ് പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ ദുരിതക്കടലില്‍ നിന്നും കരകയറിയത്. പലിശ ഇടപാടുകാരില്‍ നിന്നും വാങ്ങിയ ഒരു ലക്ഷം റിയാലാണ് സജീവിന്റെ ജീവിതം തകിടം മറിച്ചത്.
21 വര്‍ഷമായി സജീവ് ദമാമില്‍ സോഫ നിര്‍മാണ ജോലി ചെയ്തു വരികയായിരുന്നു. പത്തു വര്‍ഷത്തോളമായി കുടുംബവും സജീവിനോടൊപ്പമുണ്ടായിരുന്നു. മൂന്നു വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ക്ക് പണം കൊടുത്ത് സജീവ് ഷോപ്പ് സ്വന്തമായി ഏറ്റെടുത്തു. ഒരു ലക്ഷത്തോളം റിയാല്‍ പലിശക്കാരില്‍ നിന്ന് വാങ്ങിയാണ് ഈ ഇടപാട് സജീവ് നടത്തിയത്. ആഴ്ചകള്‍ക്ക് ശേഷം കടയില്‍ ഉണ്ടായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ കട പൂര്‍ണമായി കത്തി നശിച്ചത് സജീവിന് കനത്ത തിരിച്ചടിയായി. സുമനസ്സുകളുടെയും ചില സംഘടനകളുടെയും സഹായത്താല്‍ കട വീണ്ടും തുറന്നെങ്കിലും പലിശക്കാര്‍ തിരിച്ചടവ് വൈകിയതിന്റെ പേരില്‍ ഉപദ്രവങ്ങള്‍ തുടങ്ങി. ഇത് കട അടച്ചിടുന്നതിലേക്കുള്ള പ്രധാന കാരണമായി. ഇതോടെ സ്‌പോണ്‍സര്‍ സജീവിനെ ഹുറൂബാക്കി. പലിശക്കാരില്‍ ഒരാള്‍ കോടതിയില്‍ കേസും നല്‍കി. ഇതോടെ ഇഖാമ പോലും പുതുക്കാനാകാതെ സജീവിന്റെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ താളം പാടെ തെറ്റുകയായിരുന്നു.
മക്കളുടെ സ്‌കൂള്‍ പഠനം ഉള്‍പ്പെടെ എല്ലാം വഴിമുട്ടിയ സാഹചര്യത്തിലാണ് ഈ കുടുംബത്തെ സഹായിക്കുന്നതിനായി പ്രവാസി സാംസ്‌കാരിക വേദി മുന്നിട്ടിറങ്ങിയത്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സജീവിന്റെ കുടുംബത്തെ എക്സിറ്റില്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ദുരിതത്തില്‍ നിന്നും കരകയറി സജീവിന്റെ കുടുംബം നവോദയ സാംസ്‌കാരിക വേദി നല്‍കിയ വിമാന ടിക്കറ്റില്‍ നാട്ടിലേക്ക് മടങ്ങി. വരും ദിവസങ്ങളില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് സജീവിനെയും നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണ് ദമാമിലെ സാമൂഹ്യ, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍.
 
 

Latest News