ഫേസ്ബുക്കില്‍ കുട്ടിക്കാലത്തെ കാമുകന്‍; 61 കാരിയെ കൊന്ന കേസില്‍ വിചാരണ

സിഡ്‌നി- ഹൈസ്‌കൂള്‍ കാലത്തെ സഹപാഠിയുമായി ഫേസ്ബുക്കില്‍ ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ 61 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചാരണ തുടങ്ങി.
സിഡ്‌നിയില്‍ 2016 സെപ്റ്റംബര്‍ 12 നു നടന്ന കൊലപാതകത്തില്‍ വാറന്‍ ഫ്രാന്‍സിസ് റോജേഴ്‌സാണ് പ്രതി. തെക്കുപടിഞ്ഞാറന്‍ സിഡ്‌നയിലെ മില്‍പെറയിലുള്ള വീട്ടില്‍വെച്ചാണ് ഇയാളുടെ ഭാര്യ ആന്‍ കൊല്ലപ്പെട്ടത്. കിടക്കയില്‍ തലയിണ കൊണ്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹൈസ്‌കൂള്‍ പഠന കാലത്തെ കാമുകനുമായി ഫേസ്ബുക്ക് ബന്ധം സ്ഥാപിച്ച ആന്‍ കൈമാറിയ സന്ദേശങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 68 വയസ്സായ പ്രതി കൊല നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ നാനറ്റെ വില്യംസ് സുപ്രീം കോടതി ജൂറി മുമ്പാകെ ബോധിപ്പിച്ചു.
ഇവരുടെ ബന്ധത്തെ കുറിച്ച് ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും 2016 ജൂലൈയില്‍ വീട്ടില്‍നിന്ന് മാറി താമസിക്കാന്‍ ആനിനോട് റോജേഴ്‌സ് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ ബോധിപ്പിച്ചു.
40 വര്‍ഷം പിന്നിട്ട ദാമ്പത്യത്തില്‍ ഇരുവര്‍ക്കും മുതിര്‍ന്ന രണ്ട് കുട്ടികളുണ്ട്. റോജേഴ്‌സിനോട് പിണങ്ങിയ ആന്‍ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച ആശുപത്രിയിലായിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
ജസ്റ്റിസ് ജൂലിയ ലോണര്‍ഗാന്‍ മുമ്പാകെ കേസിലെ വിചാരണ നാലാഴ്ച തുടരുമെന്ന് കരുതുന്നു.

Latest News