Sorry, you need to enable JavaScript to visit this website.

ഊർജ വിപണിയുടെ സ്ഥിരത സൗദിയുടെ ലക്ഷ്യം - വിദേശ മന്ത്രി 

ജിദ്ദ - ഊർജ വിപണിയുടെ സ്ഥിരത ലക്ഷ്യമിട്ട് സൗദി അറേബ്യ പ്രവർത്തിക്കുന്നതായി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. പൊതുവെല്ലുവിളികൾ തരണം ചെയ്യാനും വികസനത്തെ പിന്തുണക്കുന്ന സുരക്ഷാ, സ്ഥിരതാ സാഹചര്യങ്ങൾ ഒരുക്കാനും കൂട്ടായി പ്രവർത്തിക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങളുമായി സൗദി അറേബ്യക്ക് തന്ത്രപരമായ ബന്ധങ്ങളുണ്ട്. മധ്യപൗരസ്ത്യദേശത്ത് ബ്രിക്‌സ് രാജ്യങ്ങളുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് എന്ന കാര്യത്തിൽ സൗദി അറേബ്യ അഭിമാനിക്കുന്നു. കഴിഞ്ഞ വർഷം ബ്രിക്‌സ് രാജ്യങ്ങളും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 160 ബില്യൺ ഡോളർ കവിഞ്ഞു. വിദേശ നയങ്ങളിൽ സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 
പൊതുവായ വെല്ലുവിളികൾ തരണം ചെയ്യാൻ കൂട്ടായ പ്രവർത്തനവും ബഹുമുഖ സഹകരണ ചട്ടക്കൂടുകളും പ്രധാനമാണ്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം, വിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ ശേഷികൾ സൗദി അറേബ്യക്കുണ്ട്. പുനരുപയോഗ ഊർജത്തിനും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ആവശ്യമായ പ്രകൃതി വിഭവങ്ങളും രാജ്യത്തുണ്ട്. ഊർജ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിൽ ഫലപ്രദമായ പങ്കുവഹിച്ചുകൊണ്ട് ആഗോള ലക്ഷ്യങ്ങൾ, സുസ്ഥിര വികസനം, ജനക്ഷേമം വർധിപ്പിക്കൽ എന്നിവ മുന്നിൽ കണ്ട് സൗദി അറേബ്യ മുന്നേറുകയാണ്. മുഴുവൻ ഉറവിടങ്ങളിൽ നിന്നുമുള്ള ഊർജം നൽകുന്ന സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സ് ആണ് സൗദി അറേബ്യയെന്നും വിദേശ മന്ത്രി പറഞ്ഞു. 
സുസ്ഥിര ആഗോള സഹകരണ കാര്യത്തിൽ ഉത്തരവാദിത്തം നിറവേറ്റാൻ സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. സൗദിയിൽ മികച്ച സാമ്പത്തിക സാധ്യതകളുണ്ട്. പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള ഏകോപനം, കൂടിയാലോചന, ബന്ധങ്ങൾ എന്നിവക്കുള്ള അവസരങ്ങൾ ചർച്ച ചെയ്യാനും സാമ്പത്തിക മേഖലയിൽ അടക്കം സർവ മേഖലകളിലും സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്താനും സംയുക്ത ഉച്ചകോടികൾ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 
ബ്രിക്‌സ് കൂട്ടായ്മയിൽ ചേരാനുള്ള ക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പഠിച്ച ശേഷം കൂട്ടായ്മയിൽ ചേരുന്ന കാര്യത്തിൽ സൗദി അറേബ്യ തീരുമാനമെടുക്കും. ക്ഷണത്തിന്റെ വിശദാംശങ്ങൾ, അംഗത്വത്തിന്റെ സ്വഭാവം, ഘടകങ്ങൾ എന്നിവ ബ്രിക്‌സ് ഗ്രൂപ്പിൽ നിന്ന് ലഭിക്കുന്നത് കാത്തിരിക്കുകയാണ്. ആഭ്യന്തര നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ഞങ്ങൾ ഉചിതമായ തീരുമാനമെടുക്കുമെന്ന് വിദേശ മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിക്‌സ് ഗ്രൂപ്പിൽ ചേരുന്നതിൽ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും ഭരണാധികാരികളെയും ജനങ്ങളെയും അനുമോദിക്കുന്നതായി ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. സൗദി അറേബ്യയും യു.എ.ഇയും ബ്രിക്‌സ് ഗ്രൂപ്പിൽ ചേരുന്നത് ഗൾഫ് രാജ്യങ്ങളുടെ പ്രാധാന്യവും ഗൾഫ് സമ്പദ്‌വ്യവസ്ഥയുടെ കരുത്തുമാണ് സൂചിപ്പിക്കുന്നത്. സുസ്ഥിര വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കാനും സാമ്പത്തിക വികസനത്തിനും ഗൾഫ് രാജ്യങ്ങൾ വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.
 

Latest News