റിയാദ്- തലസ്ഥാന നഗരിയിലെ ഏതാനും ജ്വല്ലറികളില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴിലെ പകര്‍പ്പവകാശ വിഭാഗം ഞായറാഴ്ച നടത്തിയ റെയ്ഡുകളില്‍ വ്യാജ ആഭരണങ്ങള്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര പ്രശസ്തമായ ബ്രാന്റുകളിലുള്ള ആഭരണങ്ങള്‍ സൗദിയില്‍ വില്‍പന നടത്തുന്ന കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ ജ്വല്ലറികളില്‍ പരിശോധനകള്‍ നടത്തിയത്. പകര്‍പ്പവകാശ നിയമം അനുസരിച്ച് സംരക്ഷിക്കപ്പെട്ട മോഡലുകളിലുള്ള വ്യാജ ആഭരണങ്ങളാണ് ജ്വല്ലറികളില്‍ നിന്ന് പിടിച്ചെടുത്തത്. ആകെ 33 ആഭരണങ്ങള്‍ പിടിച്ചെടുത്തതായി പകര്‍പ്പവകാശ വിഭാഗത്തിലെ നിരീക്ഷണ, പരിശോധനാ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അബ്ദുല്ല അല്‍ നഫീസ അറിയിച്ചു. ഇവ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ജ്വല്ലറികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.