ജിദ്ദ- നഗരത്തില്‍ പാചകവാതകം ചോര്‍ന്ന് ഫ്‌ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. അല്‍സലാമ ഡിസ്ട്രിക്ടില്‍ ഖുറൈശ് സ്ട്രീറ്റും മദീന റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനു സമീപമുള്ള ഫ്‌ളാറ്റിലാണ് സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ കിംഗ് ഫഹദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂ സൈദ് അറിയിച്ചു.
സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്റ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ അഞ്ചു പേര്‍ക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്ന് ഫ്‌ളാറ്റില്‍ നിറഞ്ഞതാണ് സ്‌ഫോടനത്തിനും അഗ്നിബാധക്കും ഇടയാക്കിയതെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ഫ്‌ളാറ്റിന്റെ ഭിത്തികള്‍ തകരുകയും വസ്തുവകകള്‍ നശിക്കുകയും ചെയ്തു.