ദേശവിരുദ്ധമെന്ന് ആക്ഷേപം; ഗുജറാത്തില്‍ ഹാസ്യപരിപാടിക്ക് വേദി വിലക്കി

വഡോദര- ദേശവിരുദ്ധ ഉള്ളടക്കമുണ്ടെന്ന പരാതിയെ തുടര്‍ന്ന് വഡോദരയിലെ എം.എസ് യൂനിവേഴ്‌സിറ്റി ഹാസ്യ നടന്‍ കുനാല്‍ കംറയുടെ സ്‌റ്റേജ് ഷോക്ക് അനുമതി നിഷേധിച്ചു. ഒരു സംഘം പൂര്‍വ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്താണ് ഷോ റദ്ദാക്കിയതെന്ന് യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഗസ്റ്റ് 11 ന് കംറയുടെ സ്‌റ്റേജ് ഷോ നടത്താന്‍ പ്രാദേശിക സംഘടനയാണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. ഓഡിറ്റോറിയം നല്‍കരുതെന്ന് എം.എസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പരിമള്‍ വ്യാസാണ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.
കംറയുടെ ഷോയില്‍ ദേശവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചതിനാല്‍ ഓഡിറ്റോറിയം നല്‍കരുതെന്ന് കോ ഓര്‍ഡിനേറ്റര്‍ രാകേഷ് മോഡിയെയാണ് വൈസ് ചാന്‍സലര്‍ അറിയിച്ചത്. വേദിയുടെ സുരക്ഷയാണ് പ്രധാനമെന്നും അതുകൊണ്ടാണ് ഷോ നടത്താന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും രാകേഷ് മോഡി പറഞ്ഞു.
ഗുജറാത്തിലെ പ്രശസ്ത യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ യുവ ഹാസ്യതാരമായ കംറയുടെ ദേശവിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഒരു സംഘം പൂര്‍വ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

 

 

Latest News