Sorry, you need to enable JavaScript to visit this website.

അടിസ്ഥാനസൗകര്യ വികസനം ഇന്നും മരീചിക

ലോകത്തിന്റെ നാനാ കോണുകളിലും മലയാളികളുണ്ട്. അവരുടെ അധ്വാനം പലരാജ്യങ്ങളുടെയും പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ വികസനത്തിൽ പ്രതിഫലിക്കുന്നതും കാണാം. എന്നാൽ അവരുടെ കഴിവുകളെയും അവരുടെ സാമ്പത്തിക ശേഷിയെയും കേരളം ഇനിയും വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല.  അതുണ്ടായിരുന്നുവെങ്കിൽ ഇന്ന് കേരളം ലോകത്തെ തന്നെ ഏറ്റവും വികസിത പ്രദേശമായി മാറുമായിരുന്നു. ഇന്ന് നാട്ടിൽനിന്നു പോയവർ തിരികെ നാട്ടിലേക്കു വരാൻ ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, നാട്ടിലുള്ള യുവജനങ്ങൾ എങ്ങനെയും നാടു വിടാനുള്ള ശ്രമത്തിലുമാണ്. ഇതിനുത്തരവാദികൾ ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്.

 

ഏതൊരിടത്തേയും വികസന മാനദണ്ഡം അവിടത്തെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെയും ജനങ്ങൾക്ക് അനിവാര്യമായ സൗകര്യങ്ങളുടെയും കാര്യക്ഷമത വിലയിരുത്തിയായിരിക്കും. ഇതു രാജ്യങ്ങൾക്കെന്നല്ല, സംസ്ഥാനങ്ങൾക്കും, തദ്ദേശഭണ പ്രദേശങ്ങൾക്കുമെല്ലാം ബാധകമാണ്. നമ്മുടെ കൊച്ചു കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും മുന്നിലാണ്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നും അപര്യാപ്തതകളുടെ നാടാണ് കേരളം. അതിനാൽ ജനങ്ങൾ, പ്രത്യേകിച്ച് സാധാരണ ജനങ്ങൾ വലയുകയാണ്. ജനങ്ങളുടെ സൈ്വര ജീവിതത്തിന് ഏറ്റവും അനിവാര്യായ ഘടകങ്ങളാണ് വൃത്തിഹീനമല്ലാത്ത പരിസരം, സുലഭമായ കുടിവെള്ളം, തടസങ്ങളില്ലാതെയുള്ള യാത്രാ സൗകര്യം. ഇക്കാര്യങ്ങളിൽ ബലാരിഷ്ടതകൾ കേരളം ഇനിയും പിന്നിട്ടിട്ടില്ലെന്നു വേണം പറയാൻ. ലോകത്തിന്റെ നാനാ കോണുകളിലും മലയാളികളുണ്ട്. അവരുടെ അധ്വാനം പലരാജ്യങ്ങളുടെയും പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ വികസനത്തിൽ പ്രതിഫലിക്കുന്നതും കാണാം. എന്നാൽ അവരുടെ കഴിവുകളെയും അവരുടെ സാമ്പത്തിക ശേഷിയെയും കേരളം ഇനിയും വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല.  അതുണ്ടായിരുന്നുവെങ്കിൽ ഇന്ന് കേരളം ലോകത്തെ തന്നെ ഏറ്റവും വികസിത പ്രദേശമായി മാറുമായിരുന്നു. ഇന്ന് നാട്ടിൽനിന്നു പോയവർ തിരികെ നാട്ടിലേക്കു വരാൻ ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, നാട്ടിലുള്ള യുവജനങ്ങൾ എങ്ങിനെയും നാടുവിടാനുള്ള ശ്രമത്തിലുമാണ്. ഇതിനുത്തരവാദികൾ ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്.

അടിസ്ഥാനസൗകര്യ വികസനവും ഉൽപ്പാദന കേന്ദ്രങ്ങളുടെ വളർച്ചയും ഉറപ്പാക്കിയാൽ മാത്രമേ കേരളത്തിൽ വ്യവസായ മുന്നേറ്റം യാഥാർത്ഥ്യമാകൂവെന്ന് വ്യക്തമാക്കുന്നതാണ് ചൈനയുടെ വികസന മുന്നേറ്റമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പത്തെ ചൈനയല്ല ഇന്നത്തെ ചൈനയെന്നും, ചൈന ഇന്ന് ലോകത്തെ ഒന്നാംകിട രാജ്യമായി മാറിയത് അവരുടെ ദീർഘവീക്ഷണത്തോടെയുള്ള വികസന നയമാണെന്നും അദ്ദേഹം പറഞ്ഞു. റോഡ്, പാലം, ഹൈസ്പീഡ് റെയിൽ തുടങ്ങിയ നിരവധി മാറ്റങ്ങൾ കൊണ്ട് പുതിയ പാതകൾ വെട്ടിത്തുറന്നതോടൊപ്പം ചെറുകിട വ്യവസായങ്ങളും, മൈക്രോ നിർമ്മാണ ഹബ്ബുകളും ചൈനയെ കൺസ്യൂമർ ഉൽപ്പന്നങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചുവെന്നും ഇത്തരത്തിൽ അടിസ്ഥാനസൗകര്യ വികസനവും ഉൽപ്പാദന കേന്ദ്രങ്ങളുടെ വളർച്ചയുമാണ് കേരളത്തിലും ഉറപ്പാക്കേണ്ടതെന്നും എം.എ യൂസഫലി കൂട്ടിച്ചേർത്തു. ലോകം കണ്ട ഒരു വ്യവസായിയുടെ ഈ വാക്കുകൾ അനുഭവ പാഠത്തിൽനിന്നുള്ളതാണ്. ഇത്തരം കഴിവുറ്റ ഒട്ടേറെ പേരുടെ നാടാണ് കേരളം.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉണ്ടാവുമ്പോൾ അതു സാമൂഹിക മുന്നേറ്റത്തിന് വഴി തുറക്കും. കാലത്തിന് അനുസരിച്ച മാറ്റം ഉണ്ടെങ്കിൽ മാത്രമാണ് മറുനാട്ടിൽനിന്ന് പോയവർ മടങ്ങി വരുന്നതിനും പോകാനിരിക്കുന്നവർ പോകാതിരിക്കുന്നതിനും സാധിക്കൂ. എന്നാൽ കേരളത്തിൽ കുടിവെള്ളം പോലും എല്ലാവർക്കും ലഭ്യമാക്കാൻ ഇതുവരെ ഭരിച്ച ഒരു സർക്കാരുകൾക്കും കഴിഞ്ഞിട്ടില്ല. ആറു മാസം മഴയും 44 നദികളും ആയിരക്കണക്കിനു തോടുകളും കുളങ്ങളും വമ്പൻ കായലുകളുമെല്ലാം ഉള്ള നാട്ടിൽ ജനം ഇന്നും കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. വർഷകാലങ്ങളിൽ പോലും വെള്ളം കിട്ടാത്ത മേഖലകളുണ്ട്. വെള്ളക്കെട്ടിനുള്ളിൽ കിടന്ന് കുടിവെള്ളം കിട്ടാതെ വലയുന്നവരുണ്ട്. വേനലായാൽ സ്ഥിതി പറയുകയും വേണ്ട. ശുചിത്വത്തിന്റെ കാര്യമെടുത്താൽ നഗര, ഗ്രാമ തെരുവകളിലൂടെ ഒന്നു നടന്നാൽ മതി,  ഇത്രയേറെ വിദ്യാസമ്പന്നരുള്ള നാടാണോ കേരളമെന്ന് സംശയിച്ചു പോകും. ജനങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വേസ്റ്റ് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നതിൽ താഴേതട്ടിലുള്ള പഞ്ചായത്തുകൾ പോലും വമ്പൻ പരാജയമാണ്. നഗരങ്ങളുടെ കാര്യം അതിദയനീയമാണ്. മാലിന്യ സംസ്‌കരണം അവരുടെ അജണ്ടയിലേ ഇല്ലാത്ത കാര്യം പോലെയാണ് തോന്നുക. നഗരങ്ങളിൽ ജീവിക്കുന്നവർക്ക്, പ്രത്യേകിച്ച് ഫ്‌ളാറ്റുകളിൽ കഴിയുന്നവർക്ക് മാലിന്യ നിർമാർജനം ഒരു തലവേദനയാണ്. കെട്ടിട നികുതിയും മറ്റും നഗരസഭകൾ അടിക്കടി കൂട്ടുന്നുണ്ടെങ്കിലും നഗരവാസികൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട അടിസ്ഥാന സൗകര്യം നൽകാൻ ഒരു നഗരസഭയും തയാറല്ല. കുറഞ്ഞ പക്ഷം മാലിന്യം നീക്കം ചെയ്യാനുള്ള പോംവഴികളെങ്കിലും ചെയ്തു കൊടുക്കേണ്ടേ?. നേരത്തെ ഭക്ഷ്യ മാലിന്യങ്ങളെടുക്കാൻ പ്രതിമാസം 80 രൂപ കൊടുത്താൽ ആഴ്ചയിൽ രണ്ടു പ്രാവശ്യമെത്തിയിരുന്നവർ ഇപ്പോൾ 200 രൂപ വാങ്ങിയിട്ടും ആഴ്ചയിൽ ഒരു ദിവസമോ രണ്ടാഴ്ച കൂടുമ്പോൾ ഒരു ദിവസമോ ആണ് എത്തുന്നത്. അതുവരേക്കും ഈ മാലിന്യങ്ങളത്രയും വീടുകളിൽ സൂക്ഷിക്കണം. അങ്ങനെ വരുമ്പോൾ ഒറ്റ മുറി ഫ്ളാറ്റുകളിൽ കഴിയുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതല്ലെങ്കിൽ സ്വന്തമായി സംസ്‌കരിക്കണമെന്നാണ് നഗരസഭ ഭരണാധികാരികളുടെ കൽപന. അതിനായി അശാസ്ത്രീയമായ ചില സംവിധാനങ്ങളും അവർ നിർദേശിക്കുന്നു. ഹൈവകളുടേയും സംസ്ഥാന റോഡുകളുടേയുമെല്ലാം വികസനം നടക്കുന്നുണ്ടെങ്കിലും നഗരപരിധികളിലെ ഉൾറോഡുകളുടെ കാര്യം കഷ്ടമാണ്. വാഹന പെരുപ്പംകൊണ്ട് പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഒരു ഗതാഗത നിയമവും പാലിക്കാതെയാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത്. വിദേശത്ത് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവർ അവധിക്കാലത്ത് നാട്ടിലെത്തി വാഹനവുമായി റോഡിലിറങ്ങുമ്പോഴാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. നാട്ടിൽ വാഹനം ഓടിക്കുന്ന വിദ്യാസമ്പന്നർ പോലും ഇക്കാര്യത്തിൽ നിരക്ഷരരാണെന്ന് തോന്നിപ്പോകും.

മാലിന്യ പരിപാലനരംഗത്ത് കേരളത്തെ ലോകമാതൃകയാക്കുമെന്ന് പ്രഖ്യാപിച്ച്  കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് കഴിഞ്ഞ ദിവസം കൊച്ചിയിൽ മുഖ്യമന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്.  2,400 കോടി രൂപയുടെ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനം കേരളത്തിലൊരുക്കുമെന്നാണ് പ്രഖ്യാപനം. ഇതു ശ്ലാഘനീയം തന്നെ. പക്ഷേ മുൻ അനുഭവങ്ങൾ വെച്ചു നോക്കിയാൽ ഈ പ്രഖ്യാപനവും മുൻ പദ്ധതികളെപ്പോലെയാവുമോ എന്നു ജനം സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. കാരണം അനുഭവം അതാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം യഥാസമയം നടത്തുകയോ പൂർത്തിയാക്കുകയോ ചെയ്തിരുന്നുവെങ്കിൽ ജനത്തിനു  ഇന്നും കടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ടി വരില്ലായിരുന്നു. നഗരങ്ങളിലെ വെള്ളക്കെട്ട് ഇല്ലാതാക്കാൻ മുഖ്യമന്ത്രി  അടക്കമുള്ള ഉന്നതതല സംഘം വിദേശത്ത് പഠിക്കാൻ പോയി മടങ്ങിവന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മഴ പെയ്താൽ ഇന്നും നഗരങ്ങൾ വെള്ളക്കെട്ടിലാണ്.  

നമ്മുടെ കാഴ്ചപ്പാടുകളിൽ മാറ്റം ഉണ്ടാവേണ്ട സമയം അധികരിച്ചിരിക്കുന്നുവെന്നാണ് ഇതു കാണിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ ബുദ്ധിമുട്ടില്ലാതിരിക്കുമ്പോൾ മാത്രമാണ് അവിടെ നിക്ഷേപങ്ങളും വിനോദ സഞ്ചാരികളുടെയുമെല്ലാം ഒഴുക്ക് ഉണ്ടാവുക. മരുഭൂ പ്രദേശമായ ഗൾഫ് നാടുകളിൽ ഒരിടത്തുപോലും കുടിവെള്ളത്തിന് പ്രയാസമുള്ളതായി ഇന്നുവരേക്കും ആരും പറഞ്ഞു കേട്ടിട്ടില്ല. ആവശ്യത്തിനു വെള്ളം കണ്ടെത്തി കൃഷി പോലും പ്രയാസരഹിതമാക്കി മാറ്റുകയാണ് അവർ. റോഡുകളുടെയും മറ്റു വികസനങ്ങളുടേയും കാര്യം പരിശോധിച്ചാൽ  അസൂയ തോന്നും.  ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ദുബായ് കുതിക്കുകയാണ്. ടോംടോം നടത്തിയ 2022 ഗതാഗത സൂചിക റിപ്പോർട്ട് പ്രകാരം
ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ദുബായിൽ 12 മിനിറ്റ് മതിയെന്നാണ്. ലോകത്തെ മറ്റു പ്രധാന നഗരങ്ങളിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 21 മിനിറ്റ് വേണ്ടിയിരിക്കെയാണ് ചെറിയൊരു രാജ്യമായ ദുബായിയുടെ ഈ നേട്ടം. ഇക്കാര്യത്തിൽ നെതർലൻഡ്സിലെ അൽമേറെ നഗരമാണ് ലോകത്ത് മുന്നിൽ. ഇവിടെ 10 കിലോമീറ്റർ താണ്ടാൻ എട്ട് മിനിറ്റ് മതി. ശരാശി 59 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ ദുബായിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒമ്പത് മിനിറ്റ് മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 56 രാജ്യങ്ങളിലെ 390 നഗരങ്ങൾ വിലയിരുത്തിയായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിലെ  ഒരു നഗരത്തിൽ പത്തു കിലോമീറ്റർ പിന്നിടാൻ വേണ്ടുന്ന സമയം  എത്രയാണെന്ന് നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ മനുഷ്യ വിഭവശേഷി ശരിയാംവണ്ണം വിനിയോഗിച്ചാൽ അതു മാത്രം മതിയാകും നമ്മുടെ നാട് ഒരു ഗൾഫായി മാറാൻ. അതിന് രാഷ്ട്രീയ ഏമാൻമാരുടെ മനസകങ്ങളിൽ ആദ്യം അഴിമതി രഹിത വികസനം എന്ന ആശയം ഉണ്ടാവണം. 

Latest News