Sorry, you need to enable JavaScript to visit this website.

മാസപ്പടിയുടെ മടിക്കനം

ഒരു വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിക്കൂട്ടുന്ന വിവരം പുറത്തുവന്നപ്പോൾ, അതിനെതിരെയും മുഖ്യമന്ത്രി താക്കീത് നൽകി. അത് പറയുമ്പോഴും കർത്തായുടെ കമ്പനിയിൽനിന്ന് പിണറായിക്കും മകൾക്കും മാസപ്പടി കിട്ടിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹം മൗനവ്രതം സ്വീകരിച്ചിരിക്കുന്നതുകൊണ്ട് ഒരു ഗുണം മാത്രമേയുള്ളു, മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട പോലുള്ള തള്ള് കേൾക്കേണ്ടതില്ലല്ലോ.


കേരള ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരവും വൻതോതിലുമുള്ള അഴിമതി ആരോപണങ്ങളാണ് പിണറായി വിജയനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത്. കേവലം ആരോപണമല്ല, ഇത് ഒരു സർക്കാർ സംവിധാനത്തിന്റെ കണ്ടെത്തൽ. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ജുഡീഷ്യൽ അധികാരങ്ങളുള്ള തർക്കപരിഹാര സമിതി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും, അവരുടെ ഐ.ടി കമ്പനിയും, ഒരു വ്യവസായ സ്ഥാപനത്തിൽനിന്ന് ദുരൂഹമായും അവിഹിതമായും പണം കൈപ്പറ്റിയതായി തീർപ്പ് കൽപ്പിച്ചിരിക്കുന്നു. കൊച്ചിയിലെ വിവാദ വ്യവസായിയായ ശശിധരൻ കർത്തായുടെ ഉടമസ്ഥതയിലുള്ള കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽസ് ലിമിറ്റഡിൽനിന്ന് വീണയും അവരുടെ സ്ഥാപനമായ എക്‌സാലോജിക് സൊലൂഷൻസും 2017നും 2020നുമിടയിൽ മാസപ്പടിയെന്ന പോലെ 1.72 കോടി രൂപ കൈപ്പറ്റിയെന്നതായിരുന്നു കണ്ടെത്തൽ. എക്‌സാലോജിക്കിൽനിന്ന് ഐ.ടി സേവനങ്ങൾക്കുള്ള ഫീസ് എന്ന നിലക്കാണ് സി.എം.ആർ.എൽ പണം നൽകിയതെന്ന വാദം ഇൻകം ടാക്‌സ് സമിതി തള്ളി. എക്‌സാലോജിക്കിൽനിന്ന് അങ്ങനെയൊരു സേവനവും തങ്ങൾക്ക് ലഭിച്ചില്ലെന്നും, സർക്കാരിലെ ഉന്നതനുമായി വീണക്കുള്ള ബന്ധം കണക്കിലെടുത്താണ് തുക നൽകിയതെന്നും സി.എം.ആർ.എൽ ഉദ്യോഗസ്ഥർ തന്നെ സമിതിക്ക് മൊഴി നൽകി.
സർക്കാരിനെ പിടിച്ചുലച്ചുകൊണ്ട് മലയാള മനോരമ പത്രം രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട വാർത്താ ബോംബിന്റെ പ്രകമ്പനത്തിൽനിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. എന്നു മാത്രമല്ല, ഓരോ ദിവസവും കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകളും രാഷ്ട്രീയ പോർവിളികളും ഈ അഴിമതിയുടെ ആഴവും പരപ്പും എത്രയോ വ്യാപകമാണെന്ന സൂചന നൽകുന്നു. വാർത്തയുടെ ചുവടുപിടിച്ച് കോൺഗ്രസിലെ യുവ എം.എൽ.എ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കും, മകൾക്കും, മരുമകൻ കൂടിയായ മന്ത്രി റിയാസിനും, സി.പി.എമ്മിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ വലിയ രാഷ്ട്രീയ യുദ്ധത്തിന്റെ അന്തരീക്ഷമാണ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കുഴൽനാടനെ പൂട്ടാൻ വിജിലൻസിനെയും റവന്യൂ വകുപ്പിനെയുമെല്ലാം ഇറക്കി സി.പി.എം പ്രത്യാക്രമണം കടുപ്പിക്കുന്നു. എന്തുവന്നാലും പിന്തിരിയില്ലെന്ന് കുഴൽനാടനും പറയുന്നു.
വാർത്ത പുറത്തുവന്നതിന് ശേഷം നിയമസഭ ഒരു ദിവസം ചേർന്നെങ്കിലും അന്ന് വിഷയം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം തയാറായിരുന്നില്ല. സാങ്കേതിക കാരണങ്ങളാണ് അതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതെങ്കിലും അതായിരുന്നില്ലെന്ന് വ്യക്തം. യു.ഡി.എഫിലെ പ്രമുഖ നേതാക്കളും കർത്തായിൽനിന്ന് പണം പറ്റിയിട്ടുണ്ടെന്ന് മേൽപറഞ്ഞ സമിതിയുടെ കണ്ടെത്തലിലുണ്ട്. അതുകൊണ്ട് കത്തിക്കാൻ ശ്രമിച്ചാൽ തങ്ങൾക്കുതന്നെ തിരിച്ചടിക്കുമെന്ന് മനസ്സിലാക്കി പ്രതിപക്ഷം പിൻവാങ്ങി. അപ്പോഴും മാത്യു കുഴൽനാടൻ കൗശലപൂർവം മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ചു. എന്നാൽ റൂളും ചട്ടവും പറഞ്ഞ് സ്പീക്കറും, ബഹളം വെച്ച് ഭരണകക്ഷി അംഗങ്ങളും അദ്ദേഹത്തെ തടസ്സപ്പെടുത്തി.
പിന്നീടാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മന്ത്രി റിയാസ് തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ യഥാർഥ വരുമാനം മറച്ചുവെന്ന് ആരോപിച്ച കുഴൽനാടൻ, അഴിമതിയുടെ വ്യാപ്തി ഇതൊന്നുമല്ലെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വീണക്കും അവരുടെ സ്ഥാപനത്തിനും കിട്ടിയത് 1.72 കോടിയല്ല, അതിലും എത്രയോ കൂടുതലാണെന്ന് അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല, വേറെയും പല കമ്പനികളിൽനിന്നും വീണയുടെ സ്ഥാപനം വൻതുകകൾ കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുറത്തുവിട്ടാൽ മതി. അങ്ങനെ സംഭവിച്ചാൽ കേരളം ഞെട്ടുമെന്നും 1.72 കോടി എന്നൊക്കെ പറയുന്നത് വീണയുടെ സ്ഥാപനത്തിന് കിട്ടിയ യഥാർഥ തുകക്കുമുന്നിൽ ഒന്നുമല്ലെന്നുമാണ് കുഴൽനാടൻ പറയുന്നത്. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളിൽനിന്ന് എത്ര പണം കിട്ടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. തന്റെ ആരോപണം മുഖ്യമന്ത്രിയോ, കുടുംബമോ, സി.പി.എമ്മോ നിഷേധിച്ചാൽ തനിക്ക് കിട്ടിയ വിവരങ്ങളും പുറത്തുപറയാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 
കുഴൽനാടന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മകളും മന്ത്രി റിയാസും സി.പി.എം നേതാക്കളും കൈക്കൊള്ളുന്ന നടപടികൾ. മുഖ്യമന്ത്രിയും മകളും ഈ ആരോപണത്തെ കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. മന്ത്രി റിയാസാവട്ടെ മാധ്യമങ്ങളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ്. ആരോപണം അപ്പാടെ നിഷേധിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തുടക്കത്തിൽ ഒരു പ്രസ്താവന പുറത്തുവിട്ടതല്ലാതെ കൂടുതൽ പ്രതികരണമില്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ സുതാര്യമായി നടത്തിയ ഒരു ബിസിനസ് ഇടപാടിൽ ബാങ്ക് മുഖാന്തിരം നൽകിയ പണത്തിൽ എന്ത് അഴിമതിയെന്നാണ് പാർട്ടിയുടെ ചോദ്യം. മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇടതു സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ കൊണ്ടുവന്ന ഗൂഢപദ്ധതിയാണിതെന്നും സി.പി.എം ആക്ഷേപിക്കുന്നു.
വീണ 1.72 കോടി കൈപ്പറ്റിയെന്ന് സി.പി.എം സമ്മതിച്ച സ്ഥിതിക്ക് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. അതിന് നികുതി അടച്ചതിന്റെ രേഖകൾ കാണിച്ചാൽ കുഴൽനാടൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമോ എന്ന വെല്ലുവിളിയാണ് സി.പി.എം നേതാക്കൾ നടത്തിയത്. അതുകേട്ടപ്പോൾ നികുതി അടച്ചതിന്റെ രേഖകൾ അവർ പുത്തുവിടുമെന്ന തോന്നലുണ്ടാക്കിയെങ്കിലും ഇന്നലെ രാവിലെ വരെ ഒരു രേഖയും പുറത്തുവന്നിട്ടില്ല. നികുതി വിശദാംശങ്ങൾ പുറത്തുവിട്ടാൽ ഒപ്പം വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുവരുമെന്നും അത് തിരിച്ചടിയാവുമെന്നും അറിയാവുന്നതിനാലാണ് സി.പി.എം കൈ പിന്നോട്ട് വലിച്ചതെന്നാണ് ആരോപണം.
ഏതായാലും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പുലർത്തുന്ന ദുരൂഹമായ മൗനം, അദ്ദേഹം അഴിമതിയൊന്നും നടത്തിയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കാനാഗ്രഹിക്കുന്നവരിൽ പോലും സംശയം ജനിപ്പിക്കുന്നതാണ്. കഴിഞ്ഞ ആറ് മാസത്തിലേറെയായി, കൃത്യമായി പറഞ്ഞാൽ പ്രതിപക്ഷം എ.ഐ ക്യാമറ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ മുതൽ, അദ്ദേഹം മാധ്യമങ്ങൾക്കമുന്നിൽ വരുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല. ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങൾ യഥാർഥത്തിൽ അടിസ്ഥാനരഹിതമായിരുന്നില്ലെങ്കിൽ അത് ശക്തിയായി നിഷേധിക്കാനും, ആക്രോശത്തോടെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും പിണറായി വിജയൻ എപ്പൊഴേ മാധ്യമങ്ങൾക്കുമുന്നിൽ എത്തിയേനെ. എന്നാൽ ആരോപണങ്ങളെ അവഗണിക്കാനാണ് അദ്ദേഹത്തിന്റെയും സി.പി.എമ്മിന്റെയും തീരുമാനം. മറുപടി പറയാൻ പോയാൽ കുടുങ്ങുമെന്നുണ്ടെങ്കിൽ അതിന് തുനിയാതിരിക്കുന്നത് നല്ലത്,
എങ്കിലും ഇവിടെ ഏറ്റവും ദുരൂഹമായിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെയും വിവിധ കേന്ദ്ര ഏജൻസികളും പുലർത്തുന്ന നിസ്സംഗതയാണ്. കേന്ദ്ര ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഉന്നത സമിതി ഇത്ര ഗുരുതര വെളിപ്പെടുത്തൽ നടത്തിയിട്ടും, ഇ.ഡിയോ, ആദായ നികുതി വകുപ്പോ ഒന്നും അറിഞ്ഞതേയില്ല. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ എന്തെങ്കിലും കിട്ടിയാൽ ചാടിവീഴാറുള്ള ഇ.ഡിയും സി.ബി.ഐയും രണ്ട് മാസമായി ഈ റിപ്പോർട്ടിനുമുകളിൽ അടയിരിക്കുകയാണ്. ഒരു അന്തർധാര തീർച്ചയായും സംശയിക്കണം. ബി.ജെ.പിയും പിണറായിയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ. അപ്പോഴും കേരളത്തിലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് ബി.ജെ.പി നേതാക്കൾ.
കാൽ നൂറ്റാണ്ടിനുമുമ്പു തന്നെ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണം നേരിട്ടയാളാണ് പിണറായി വിജയൻ. 375 കോടിയുടെ ലാവ്‌ലിൻ അഴിമതി കേസ്. സി.എ.ജി റിപ്പോർട്ടുകളിലെ കണ്ടെത്തലുകളെ തുടർന്ന് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെതിരെ വിരൽചൂണ്ടാൻ സി.പി.എമ്മിനുള്ളിൽ മുതിർന്ന നേതാക്കളായ ഇ. ബാലാനന്ദനും, വി.എസ്. അച്യുതാനന്ദനുമൊക്ക ഉണ്ടായിരുന്നു. പക്ഷെ അവരെല്ലാം ആ യുദ്ധത്തിൽ തോറ്റു, പിണറായി അവരെയെല്ലാം തോൽപ്പിച്ചു. അക്കാര്യങ്ങൾ ഓർമയുള്ളതുകൊണ്ടാവാം അതിനേക്കാൾ ഭീമമായ അഴിമതിയുടെ വിവരങ്ങൾ ഇത്ര നഗ്നമായ രീതിയിൽ പുറത്തുവന്നിട്ടും സി.പി.എമ്മിനുള്ളിൽ ഒരാൾ പോലും പിണറായിക്കെതിരെ വിരൽ ചൂണ്ടാത്തത്. 
2016ൽ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി അഴിമതിക്കെതിരെയും അവതാരങ്ങൾക്കെതിരെയും വലിയ പ്രസംഗങ്ങളും മുന്നറിയിപ്പുകളും നൽകിയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ ഓഫീസിനെ കേന്ദ്രീകരിച്ച് സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നു. എന്നിട്ടും ഈയടുത്തകാലത്ത് ഒരു വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിക്കൂട്ടുന്ന വിവരം പുറത്തുവന്നപ്പോൾ, അതിനെതിരെയും മുഖ്യമന്ത്രി താക്കീത് നൽകി. അത് പറയുമ്പോഴും കർത്തായുടെ കമ്പനിയിൽനിന്ന് പിണറായിക്കും മകൾക്കും മാസപ്പടി കിട്ടിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹം മൗനവ്രതം സ്വീകരിച്ചിരിക്കുന്നതുകൊണ്ട് ഒരു ഗുണം മാത്രമേയുള്ളു, മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട പോലുള്ള തള്ള് കേൾക്കേണ്ടതില്ലല്ലോ. 

Latest News