കൊച്ചി- ആഗോള വനിതാ സ്റ്റാർട്ടപ്പുകൾക്ക് വാനോളം അവസരങ്ങളൊരുക്കുന്ന ഷീ ലവ്സ് ടെക് ഇന്ത്യ മത്സരത്തിലേക്ക് ഓഗസ്റ്റ് 29 വരെ രജിസ്റ്റർ ചെയ്യാം. വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്കും വനിതകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നവർക്കുമായി നടക്കുന്ന ഷീ ലവ്സ് ടെക് മത്സരത്തിന്റെ ഇന്ത്യയിലെ പങ്കാളി കേരള സ്റ്റാർട്ടപ്പ് മിഷനാണ്.
വിവിധ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒക്ടോബറിൽ നടക്കുന്ന ദേശീയ ഗ്രാൻഡ് ചലഞ്ച് മത്സരത്തിൽ പങ്കെടുക്കാം. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ആശയങ്ങൾക്ക് സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകുന്നതിനുമായി രൂപം കൊണ്ട ആഗോള വേദിയാണ് ഷീ ലവ്സ് ടെക്. വനിതാ സംരംഭകർക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ടെക് വേദിയാണിത്.
സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യയും ഉത്പന്നങ്ങളും പുറത്തിറക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, വനിതകൾ മേധാവികളായുള്ള സംരംഭങ്ങൾ, സംരംഭത്തിൽ ഒരു സ്ത്രീയെങ്കിലുമുള്ള ഉത്പന്നങ്ങൾ എന്നിവയ്ക്ക് പങ്കെടുക്കാം.
ഉത്പന്നം പൂർണമായും വനിതാപ്രാമുഖ്യമുള്ളതായിരിക്കണം. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് അപേക്ഷിക്കാനർഹത. എയ്ഞ്ചൽ നിക്ഷേപം, സീഡ് ഫണ്ട് 50 ലക്ഷം രൂപയ്ക്കു താഴെയുള്ള സീരീസ് എ നിക്ഷേപം എന്നിവ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും അപേക്ഷിക്കാം.
ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾ tthps://wometsnartupsummit.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. പ്രാദേശിക റൗണ്ടിലേക്കാണ് പ്രാഥമികമായി അപേക്ഷിക്കാനാകുന്നത്.
ജൂൺ 10 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. സെപ്തംബർ വരെ മത്സരങ്ങൾക്കായുള്ള തുടർപരിപാടികൾ നടക്കും. അതിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് മെന്റർഷിപ്പ് പരിപാടിയിൽ പങ്കെടുക്കാനാകും. പിന്നീടാണ് ദേശീയ ഗ്രാൻഡ് ചലഞ്ച്.