പ്രകൃതി ദുരന്തങ്ങൾ മനുഷ്യരാശിക്കാകെ ഭീഷണിയാകുന്ന കാലമാണിത്. ഭൂകമ്പം, പ്രളയം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതിന് മുന്നിൽ പകച്ചു നിൽക്കാനും അതിന് ഇരയാകാനും മാത്രമേ മനുഷ്യർക്ക് കഴിയുന്നുള്ളൂ. ലോകത്തെവിടെയും ഇത് തന്നെയാണ് സ്ഥിതി. പൊതു സുരക്ഷാ സംവിധാനങ്ങൾ പരിമിതമായ ഇന്ത്യയിലാകട്ടെ ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ജാഗ്രത പുലർത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ പോലും പലപ്പോഴും കഴിയാറില്ല. അതിന് പരിഹാരമായി മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തി എമർജൻസി അലർട്ട് സംവിധാനം കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യ പരീക്ഷണം മൊബൈൽ ഫോണുകൾ വഴി നടത്തിക്കഴിഞ്ഞു.
നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് എമർജൻസി അലർട്ട് സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഒരു ജാഗ്രതാ നിർദ്ദേശം ഒറ്റയടിക്ക് ലക്ഷക്കണിക്കിനാളുകളിൽ എത്തിക്കണമെങ്കിൽ അത് മൊബൈൽ ഫോണിലൂടെ തന്നെ നൽകണമെന്നാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. എന്നാൽ കേവലം ഒരു ജാഗ്രതാ അറിയിപ്പ് ലഭിച്ചതുകൊണ്ട് മാത്രം ആരും അത് ശ്രദ്ധിക്കില്ല. അപ്പോൾ മൊബൈൽ ഫോണിൽ ഉച്ചത്തിലുള്ള ബീപ്പ് ശബ്ദം പുറപ്പെടുവിച്ച് ആളുകളുടെ ശ്രദ്ധ ആകർഷിച്ച ശേഷം ജാഗ്രതാ സന്ദേശങ്ങൾ അറിയിക്കുകയാണ് ഫലം ചെയ്യുകയെന്നും പരിശോധനയിൽ കണ്ടെത്തി. അതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതു സുരക്ഷയുടെ ഭാഗമായുള്ള നിർദ്ദേശങ്ങൾ നൽകുന്നതിന് രാജ്യത്തെ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോണുകളിലേക്ക് കഴിഞ്ഞ ദിവസം ഫഌഷ് സന്ദേശം അയച്ച് പരീക്ഷണം നടത്തി. ഫോൺ ഉപഭോക്താക്കളിലേക്ക് ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടെയാണ് ഈ സന്ദേശം എത്തിയത്. അത് എല്ലാവരും ശ്രദ്ധിക്കുകയും ചെയ്‌തെന്നാണ് ടെലികോം കമ്പനികളും നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും വിലയിരുത്തിയത്.
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അവതരിപ്പിച്ച പാൻ-ഇന്ത്യ എമർജൻസി അലർട്ട് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നതെന്നും ആരും ഇതിന് മറുപടി നൽകേണ്ടതില്ലെന്നും മൊബൈൽ ഉപയോക്താക്കൾക്കായി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. പരീക്ഷണം വിജയകരമാണെന്നാണ് വിലയിരുത്തൽ. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഇതിന് ഇരയാകാതിരിക്കാനുള്ള ജാഗ്രതാ നിർദ്ദേശങ്ങളുമെല്ലാം അതാത് സമയങ്ങളിൽ ഇനി മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തോടെ എത്തും. രാജ്യത്തിലെ ഒരോ പ്രദേശത്തെയും ആളുകൾക്ക് പ്രത്യേകമായിത്തന്നെ ജാഗ്രതാ സന്ദേശങ്ങൾ കൈമാറാനും കഴിയും.അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മിക്ക വികസിത രാജ്യങ്ങളിലും പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മൊബൈൽ ഫോൺ, ടെലിവിഷൻ, റേഡിയോ എന്നിവ വഴി അലേർട്ട് നൽകുന്ന സംവിധാനം നിലവിലുണ്ട്. വളരെ മികച്ച രീതിയിൽ ഇത് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ടെലികോം സംവിധാനത്തിലൂടെ ഇന്ത്യയിൽ അലേർട്ട് സംവിധാനം നടപ്പാക്കുന്നത്.