ന്യൂദൽഹി- യേശുക്രിസ്തുവുമായും സാത്താനുമായും ടെക്സ്റ്റ് മെസേജ് വഴി ആശയവിനിമയം നടത്തുന്ന കൃത്രിമ ബുദ്ധി (എ.ഐ) ആപ്പ് വിവാദത്തിൽ. "ടെക്‌സ്റ്റ് വിത്ത് ജീസസ്" എന്ന പുതിയ ആപ്പ് ഉപയോക്താക്കളെ യേശുവുമായും മറ്റ് ബൈബിൾ വ്യക്തികളുമായും ചാറ്റ് ചെയ്യാൻ അനുവദിക്കുന്നു. അർപ്പണബോധമുള്ള ക്രിസ്ത്യാനികളെ മനസ്സിൽ വെച്ചു കൊണ്ട് സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടുന്ന ജനറേറ്റീവ് എ.ഐ ആപ്പ്, ദൈവിക കഥാപാത്രങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയുള്ള ഉത്തരങ്ങൾ ഉപയോക്താക്കൾക്ക് നൽകും. ഇതിൽ യേശുവും മേരിയും ജോസഫും പത്രോസും മത്തായിയും ഉൾപ്പെടുന്നു.
പിശാചായ സാത്താനുമായും സംഭാഷണങ്ങളിൽ ഏർപ്പെടാൻ ആപ്പ് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. മാലാഖമാരും വിശുദ്ധ കഥാപാത്രങ്ങളുമായുള്ള ഇടപഴകലുകൾ ആത്മീയമായി ഉന്നമനം നൽകുമെങ്കിലും ദുഷിച്ച വ്യക്തികളുമായുള്ള സംഭാഷണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. സാത്താനുമായുള്ള സംഭാഷണ ഫീച്ചർ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത് വ്യക്തികളെ എത്രത്തോളം കബളിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.