ചികിത്സാപിഴവിനെ തുടര്‍ന്ന് യുവാവിന് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു, ഉറപ്പിച്ച സര്‍ക്കാര്‍ ജോലി ന്ഷ്ടമാകുമെന്ന് ആശങ്ക

കല്‍പ്പറ്റ - ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവാവിന് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. ഡ്രൈവര്‍ തസ്തികയില്‍ പി എസ് സി ലിസ്റ്റില്‍ പതിനേഴാം റാങ്കുകരാനായ പേരിയ സ്വദേശി ഹാഷിം വേദന തിന്ന് കഴിയുന്നതോടൊപ്പം തന്നെ ഉറപ്പായ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലുമാണ്. മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ചികിത്സാ പിഴവാണ് ഹാഷിമിന്റെ കാലിന്റെ ചലന ശേഷി നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം. വെരിക്കോസ് ചികിത്സക്കായാണ് ഹാഷിം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. കാലിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ചികിത്സക്കായി ആശുപത്രിയിലേക്ക് നടന്നെത്തിയ ഹാഷിം ചികിത്സയ്ക്ക് ശേഷം കാലിന്റെ ചലന ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട് ഇപ്പോള്‍ രോഗക്കിടക്കയിലാണ്. ഈ വര്‍ഷം  ഫെബ്രുവരി രണ്ടിനാണ് വെരിക്കോസിന് ചികിത്സ തേടി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് ഹാഷിം എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. എന്നാല്‍, വേദന അസഹ്യമായതോടെ ഹാഷിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയിലാണ് മാനന്തവാടി മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ അപാകതയുള്ളതായി കണ്ടെത്തിയതെന്ന് ഹാഷിം പറയുന്നു. പതിനാറ് ദിവസം  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയില്‍ കഴിഞ്ഞ ഹാഷിമിന്റെ കാലിന്റെ ചലന ശേഷി വീണ്ടെടുക്കാനായില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് ഹാഷിം പറയുന്നു. അഞ്ച് മാസത്തിനിടെ 12 ശസ്ത്രക്രിയകളാണ് നടത്തിയത്. പക്ഷേ ഒന്നും ഫലം കാണാതായതോടെ  ഉറപ്പിച്ച സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോയെന്ന സങ്കടത്തിലാണ് ഹാഷിം.

 

Latest News