പ്രധാനമന്ത്രി മോഡിക്ക് റുവാണ്ടയില്‍ ഉജ്വല വരവേല്‍പ്

ന്യൂദല്‍ഹി- മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തുന്ന അഞ്ച് ദിവസത്തെ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി റുവാണ്ടയിലെത്തി. ഉഗാണ്ടയും ദക്ഷിണാഫ്രിക്കയുമാണ് മറ്റു രണ്ട് രാജ്യങ്ങള്‍. റുവാണ്ടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കാഗമയുമായി നേരിട്ടുള്ള ചര്‍ച്ചക്കു പുറമെ പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചക്കും പ്രധാനമന്ത്രി മോഡി നേതൃത്വം നല്‍കി.
ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ ഉഗാണ്ട സന്ദര്‍ശനം. 20 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടയിലെത്തുന്നത്. പര്യടനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയിലെത്തുന്ന പ്രധാനമന്ത്രി മോഡി ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കും.
റുവാണ്ടയില്‍ നടപ്പിലാക്കുന്ന ഗിരിങ്ക പദ്ധതിയുടെ ഭാഗമായി റുവാണ്ട പ്രസിഡന്റ് പോള്‍ കാഗമിന് 200 പശുക്കളെ മോഡി സമ്മാനമായി നല്‍കി. പാവപ്പെട്ട കുടുംബങ്ങള്‍ക്കായി റുവാണ്ട ഭരണകൂടം ആരംഭിച്ച പദ്ധതിയാണിത്. ഒരു കുടുംബത്തിന് ഒരു പശു എന്നതാണ് ആശയം. ഇതിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാണ് 200 പശുക്കള്‍. റുവാണ്ടയില്‍നിന്നുതന്നെയാണ് പശുക്കളെ വാങ്ങി നല്‍കുക.
അതിനിടെ, നരേന്ദ്രമോഡി വിദേശപര്യടനങ്ങള്‍ക്കായി 1484 കോടി രൂപ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി. 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10 വരെയുള്ള ചെലവാണ് ഇത്. ഇക്കാലയളവില്‍ 42 വിദേശ പര്യടനങ്ങളിലായി 84 രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്.  ഈ വര്‍ഷം ഇതുവരെ 10 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

 

Latest News