ഖസാക്ക്  ബാക്കിവെച്ചതും  തേടി ഒരു യാത്ര

പ്രവാസത്തിന്റെ പരോളിൽ ഒഴിവു കാലത്തിന്റെ  ഉന്മാദത്തിൽ,  ഒരു കറുത്ത കാക്ക വലിയ വായിൽ അലറി കരഞ്ഞു. സയ്യിദ് മിയാൻഷെയ്ഖ് തങ്ങന്മാരുടെ കുതിര കുളമ്പടി വന്ന ഖസാക്കിന്റെ  മണ്ണിലേക്ക് ഒരു വിരുന്നു ചെല്ലാൻ. മനസ്സ് താലോലിച്ച കൂമൻ കാവും കരിമ്പനകളിൽ കാറ്റ് പിടിക്കുന്നതും രവി നടന്നു തീർത്ത വഴികളും കൗമാര മോഹങ്ങളിൽ  ജ്വലിച്ചു നിന്ന ഖസാക്കും കാണാൻ. അക്ഷരങ്ങളെ പ്രണയിച്ച കാലം മുതൽ വായിക്കാൻ കൊതിച്ച, വായിച്ച കാലം മുതൽ കാണാൻ കൊതിച്ച, ഇതിഹാസത്തിന്റെ  തിരുശേഷിപ്പുകളിലേക്ക്.. സുഹൃത്തുക്കളായ ബാബു, സാദ്, കോയ തുടങ്ങിയവരും കൂട്ടിനുണ്ടായിരുന്നു.
കൂമൻകാവിന്റെ  വിപ്ലവകാരി നൈജാമലിയുടെ സ്മൃതി വിശാലതയിലേക്ക് ശകടം തിരിക്കുമ്പോൾ മെയ്ൻകാഫിലെ ഹിറ്റ്‌ലറും വർത്തമാനകാല പുനരവതാരം പോലെ മോഡിയും നോട്ടും ചില്ലറയും ഗൾഫ് പ്രതിസന്ധിയും ബഷീറും എംടിയും മഞ്ഞും രണ്ടാമൂഴവും പ്രജാപതിയും ആടുജീവിതവും കുഞ്ഞിക്കയും സ്മാരക ശിലകളും കന്യാവനങ്ങളും ചേറുമ്പിന്റെ ദൃഷ്ടാന്തങ്ങളും തരാതരം പോലെ ഞങ്ങൾക്കിടയിലൂടെ കയറി ഇറങ്ങി ദൂരത്തെ ലഘൂകരിച്ചു. ഷെയ്ഖ് തങ്ങളുടെ വയസ്സൻ പാണ്ടൻ കുതിരക്ക് തുണയായ പടച്ചവന്റെ കാവലിൽ ഞങ്ങളുടെ ശകടവും കൂമൻ കാവിലെ ആൽമരച്ചുവട്ടിൽ എത്തി. രവിയെ പോലെ എനിക്കോ എന്റെ സഹയാത്രികർക്കോ ആ സ്ഥലം പരിചിതമായി തോന്നിയില്ല. ഏറുമാടങ്ങൾക്കും ചെറിയ പീടികൾക്കും നടുവിൽ ഒരു ദശാസന്ധി പോലെ അവസാനിക്കുന്ന വെട്ടുവഴികൾ ഇന്നവിടെ അവസാനിക്കുന്നില്ല. പകരം, അനാദിയായ ദൂരത്തേക്ക് അനന്തമായി നീണ്ടു കിടക്കുന്ന ടാർറോഡുകൾ. തണ്ണീർപന്തൽ എന്ന നാമത്തിൽ ചെറു പീടികകളും റോഡിനെ നടുകെ മുറിച്ച് തെളിനീരും കൊണ്ട് പോകുന്ന മലമ്പുഴ ഡാമിന്റെ കൈവഴിയും മുന്നിൽ. വണ്ടിയിൽ നിന്നറങ്ങി തെളിഞ്ഞ  വെള്ളത്തിൽ കയ്യും മുഖവും കഴുകിയപ്പോൾ രവിയുടെ പെട്ടി ചുമന്ന ചുമട്ടുകാരനെ ഓർത്തു.


'മലമ്പൊഷ കെട്ടി വെള്ളം തിരിക്കണ്ണ്ട് ന്നൊക്കെ പറയണ കേട്ടൂ ഇല്ലാത്ത മഷനെ മനുഷ്യൻ കൂട്ട്യാ കൂടോ കുട്ടീ?'
മനുഷ്യനും ദൈവവും നടന്ന ബലാബലത്തിൽ ചുമട്ടുകാരന്റെ ദൈവത്തെ മനുഷ്യൻ തോൽപ്പിച്ചിരിക്കുന്നു. മലമ്പുഴ അണയിലെ വെള്ളം മാത്രമല്ല ഉരുണ്ടു കൂടുന്ന മേഘത്തെ യന്ത്രപറവകൾ ആട്ടി ഓടിക്കുന്നതും പെയ്യാൻ മടിക്കുന്ന മഴയെ യന്ത്ര പറവകൾ മാടി വിളിക്കുന്നതും വർത്തമാന കാലത്തിന്റെ  സാക്ഷ്യം.കൂമൻകാവിലെ സ്ഥാനം തെറ്റി മുളച്ച  ഇന്നത്തെ ആലിന് സലാം കൊടുത്ത് വണ്ടി ഇട റോഡിലേക്ക് തിരിഞ്ഞു. പാലക്കാടൻ ഭൂപ്രകൃതിയുടെ സുന്ദര കാഴ്ചകളിൽ ഞാറ്റു പുരയുടെ കാഴ്ച്ച മറന്നു കൊണ്ട് വണ്ടി അള്ളാപിച്ച മൊല്ലാക്കയുടെ ഒത്തു പള്ളിക്ക് മുമ്പിൽ ബ്രേക്കിട്ടു.
നെൽപാടങ്ങളെ തഴുകി വന്ന കാറ്റിന്റെ മർമരത്തിൽ ചിതലിയുടെ മിനാരങ്ങളിൽ തട്ടി അള്ളാ പിച്ചാ മൊല്ലാക്കയുടേയും റാവുത്തൻ കുട്ടികളുടെയും. 'അള്ളാ തിരുപേരും സ്തുതിയും സ്വലവാത്തും അതിനാൽ തുടങ്ങുവാൻ വിധി ചെയ്ത ബേധാമ്പർ' എന്ന ഇതിഹാസത്തിന്റെ ഈരടികൾ കാതിൽ മുഴങ്ങി 
കാറ്റിന്റെ മർമരത്തിനോട് 'അതുക്ക് പൊരുളും ചോദിച്ചു' മനസ്സും ശരീരവും കുളിർപ്പിച്ചു പള്ളി വരാന്തയിൽ ഇരുന്നു. ദശ ലക്ഷകണക്കിന് അരൂപികളായ ആത്മക്കാളയി അർബുദം അള്ളാപിച്ചാ മൊല്ലാക്കയിൽ യാത്ര ആരംഭിച്ചപ്പോൾ ഖാസാക്കിന്റെ  വിപ്ലവകാരി നൈജാമാലിയുടെ ബാങ്ക് വിളിക്കായ് കാത്തിരുന്ന പള്ളിയിൽ ഞങ്ങളും കുറച്ചു നേരം കാത്തിരുന്നു. രവിയുടെ നാസികയിലൂടെ തുളച്ചു കയറിയ ജമന്തി മണവും കാതോർത്ത് ഒന്ന് മൂത്രശങ്ക തീർത്ത് നേരെ അറബി കുളത്തിനടുത്തേക്ക് നടന്നു. പായൽമൂടി പച്ചപ്പിന്റെ പരവതാനി പോലെ ഇതിഹാസത്തിന്റെ ശേഷിപ്പുമായി സുന്ദരികളായ മൈമൂനയും ആബിദയും കുളിച്ചു കയറിയ കുളികടവ് ജരാനര ബാധിച്ച ഒരു വൃദ്ധയെ പോലെ ഊർദ്ധ ശ്വാസം വലിക്കുന്നു..
തിരിച്ചു നടന്നു നേരെ ചെന്ന് കയറിയത് രതിയുടെ ശ്ലതാക്ഷരങ്ങൾ ഇറ്റി വീണ ഞാറ്റു പുരയിലേക്ക്. അനാദിയായ കാലത്തേക്ക് മർത്യ മനസ്സിൽ അക്ഷര സ്മാരകം തീർത്ത ഇതിഹാസകാരൻ തന്റെ വെട്ടി ഒതുക്കാത്ത  താടിയുമായി ചുവരിലിരുന്നു ഞങ്ങളെ രൂക്ഷമായൊന്ന് നോക്കി. മനസ്സ് കൊണ്ട് സമ്മതം ചോദിച്ചു.  ഞാറ്റുപ്പുരയുടെ ഇന്നിന്റെ കാവൽക്കാരൻ മജീദ്ക്ക ഞങ്ങളെ അകത്തേക്ക് നയിച്ചു.


ഇതിഹാസത്തിന്റെ കഥാബീജം ഉറവ എടുത്ത ഞാറ്റുപുരയുടെ അരണ്ട വെളിച്ചത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ അപ്പു കിളിയും തുമ്പികളും ഓർമയുടെ മുറ്റത്ത് ഓടി കളിച്ചു. അക കാഴ്ചകൾ കണ്ടു സ്മൃതികളിൽ വിഹരിക്കേ ടൈൽ വിരിച്ച മുറ്റത്ത് നിന്ന് കലി തുള്ളുന്ന കോയയെ കണ്ടു.
ഇതിഹാസ തിരുശേഷിപ്പിൽ വെള്ളം ചേർത്ത് മുറ്റത്ത് വിതാനിച്ച ടൈൽ കഷ്ണങ്ങളോടാണ് കലിപ്പ്.  അത്രയും ഉള്ളിൽ ഉറങ്ങി കിടക്കുന്ന വിപ്ലവകാരി ശരിക്കും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.  പ്രതിഷേധം അത്രയും ഖസാക്കിന്റെ ഇന്നത്തെ കാവലാൾ മജീദ്ക്കയെ വാക്കുകൾ കൊണ്ട് അറിയിക്കുന്നുണ്ട്.
വാഗ്വാദങ്ങൾക്ക് ബാബുവിനേയും സാദിനെയും വിട്ടു ഞാനും മജീദ്ക്കയും സംസാരത്തിൽ മുഴുകി.  പുളിയും പുളിമരത്തിലെ ചോതിയും അന്വേഷിച്ച എനിക്ക് മുമ്പിൽ മുറ്റത്ത്  ഉണക്കാൻ ഇട്ട വാളൻപുളി ചൂണ്ടി പുളിയുടെ സ്ഥാനം മജീദ്ക്ക കാണിച്ചു തന്നു. അത് കഴിഞ്ഞു മജീദ്ക്ക ശ്മശാനക്കര പള്ളിയിലേക്ക് വിരൽ ചൂണ്ടി പള്ളിക്കാട്  കാണിച്ചു തന്നു. 
ദൂരെ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന കരിമ്പനകൾക്ക് അപ്പുറത്ത് കാടുമൂടിയ പള്ളിക്കാട്. അപ്പോഴാണ് മുങ്ങാൻ കോഴി കുപ്പുവച്ചൻ കള്ളു കാച്ചിയ ചാരായവുമായി ഓർമകളിലേക്ക് നടന്നു കയറിയത്.  റഷ്യൻ വോട്ക്കയുടെ കാലത്ത് സൗകര്യം പോലെ ഞാൻ കുപ്പുവച്ചനെ മറന്ന് 
തസറാക്  ബാക്കി വെച്ച ചരിത്രത്തിലേക്ക് നടന്നു. പന്ത്രണ്ടു പള്ളികൾ തസ്രാക്കിൽ നശിച്ചു പോയെന്ന മജീദ്ക്കയുടെ സാക്ഷ്യം കഥാപാത്രങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള സത്യവും  മിത്തും മജീദ്ക്ക വാചാലമായപ്പോൾ ഞാൻ ഇന്ന് ജീവിച്ചിരിക്കുന്ന കഥാ പാത്രം മൈമൂന എന്ന പാത്ത്വാമാമയെ അന്വേഷിച്ചു. നിർഭാഗ്യം അവർ കോയമ്പത്തൂരിലാണെന്ന് നിരാശപ്പെടുത്തുന്ന  മറുപടി. കഥാപാത്രങ്ങൾ ജീവനോടെ തസ്രാക്കിന്റെ മുറ്റത്ത് ഇല്ലെങ്കിലും ഞാറ്റുപ്പുരയുടെ മുറ്റത്ത്  ശിലയിൽ തീർത്ത ശിൽപ്പങ്ങളായി എല്ലാവരും എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. രാമായണം, ഭാരതം തുടങ്ങിയ ഇതിഹാസങ്ങൾക്ക് ശേഷം ആദ്യമായി കരിങ്കല്ലിൽ തീർത്ത നൂറ്റി ആറു ശിൽപ്പങ്ങൾ അടങ്ങിയ ശിൽപ്പ ഇതിഹാസത്തെ വായിച്ചു. ഒപ്പം ശിൽപ്പികളായ ആളുകളെ കുറിച്ച് അന്വേഷിച്ചു. ഇരിങ്ങാലക്കുടക്കാരനായ വി.കെ. രാജൻ, മുണ്ടക്കയം സ്വദേശി പി. എച്ച്. ഹോചിമിൻ, കോഴിക്കോടുകാരായ ജോൺസ് മാത്യൂ, ജോസഫ് എം. വർഗീസ് എന്നിവരാണ് ഇതിഹാസ നോവൽ ശിൽപ്പങ്ങളാക്കിയത്. കഥാപാത്രങ്ങളെയെല്ലാം പോർട്രെയ്റ്റ് ശിൽപ്പങ്ങളായാണ് നിർമിച്ചിരിക്കുന്നത്. രവി, അള്ളാപ്പിച്ചാ മൊല്ലാക്ക, ഇലകളുടെ മർമരം കാതോർക്കുന്ന കുഞ്ഞാമിന, ജട കെട്ടിയ നൈസാമലി, അപ്പുക്കിളി, അറബിക്കുളത്തിൽ നീരാടുന്ന മൈമുന, മാധവൻ നായർ, ആബിദ, ഓന്തും തുമ്പിയുമായി കഌസിലെത്തിയ കുട്ടികൾ തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാമുണ്ട്. 
സർപ്പ ദംശനമേൽക്കുന്ന രവിയുടെ പാദം മുതൽ സെയ്യദ് മിയാൻഷെയ്ഖിന്റെ പാണ്ടൻകുതിര, നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കൾ, കരിമ്പനപ്പൊത്തിൽനിന്നു തല നീട്ടുന്ന പാമ്പ്, കള്ളുകുടം, അള്ളാപ്പിച്ചാമൊല്ലാക്കയുടെ റാന്തൽ, കുട, പന ചെത്തുന്ന കത്തി, സെയ്യദ്ദ്മിയാൻഷെയ്ഖ് തുണൈ ബീഡി, രവിയുടെയും മൈമുനയുടെയും ബന്ധത്തിന്റെ പ്രതീകം വരെ ശിലാതിഹാസങ്ങളായി മാറിയിരിക്കുന്നു.


മൈമുനയുടെയും കുഞ്ഞാമിനയുടെയും നൈസാമലിയുടെയും മൂന്നു ശിൽപ്പങ്ങൾ വീതമുണ്ട്. ബാക്കിയെല്ലാ കഥാപാത്രങ്ങളെയും കോർത്തിണക്കുന്ന കണ്ണിയായ രവിയുടെ ശിൽപ്പം അബ്‌സ്ട്രാക്റ്റാണ്. നൈസാമലിയുടെ രൂപമാറ്റം ശിൽപ്പങ്ങളിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഖസാക്കിന്റെ  ജീവപ്രപഞ്ചം മുഴുവൻ ഉൾക്കൊണ്ടാണ് ശിൽപ്പനിർമാണം. പരൽമീൻ കൊക്കിലൊതുക്കിയ മഞ്ഞക്കിളി, വവ്വാൽ, പല്ലി, കാലൻകോഴി, പാറ്റ, തുമ്പികൾ, മയിൽ തുടങ്ങിയവയ്ക്കും ശിൽപഭാഷ നൽകിയിട്ടുണ്ട്. ശിൽപ്പത്തിന്റെ  ഇതിഹാസവും വായിച്ചു. അക്ഷര ഇതിഹാസം വായനക്ക് സമ്മാനിച്ച സെമിയേയും മനസ്സിൽ ഓർത്ത് ഇരുട്ടിനെ വകഞ്ഞു മാറ്റി കൂമൻകാവും കടന്നു ഞങ്ങൾ തിരിച്ചു നടന്നു. അപ്പോൾ കരിമ്പനകളിൽ കാറ്റ് ചൂളമടിക്കുന്നുണ്ടായിരുന്നു.

Latest News