Sorry, you need to enable JavaScript to visit this website.

ഹൈക്കോടതി ഉത്തരവ്; ശാന്തമ്പാറ സി. പി. എം ഓഫീസ് നിർമാണം നിർത്തി

ഇടുക്കി- ഹൈക്കോടതി ഉത്തരവ് അവഗണിച്ച് രാത്രിയിൽ നിർമാണം തുടർന്ന സി.പി.എം ശാന്തമ്പാറ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ പണി നിർത്തിവെച്ചു. ശാന്തൻപാറ വില്ലേജ് ഓഫീസർ വിഷണു ഒ.എൻ.എസ് ആണ് ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയത്. 
ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് വന്നിട്ടും നിർമാണം നിർത്തിയില്ല. ഇരുപതോളം പേരെയെത്തിച്ച് അതിവേഗമാണ് നിർമാണം പുരോഗമിച്ചത്.  ബുധനാഴ്ച പുലർച്ചെ നാലുമണി വരെയാണ് പണികൾ തുടർന്നത്. രണ്ടാമത്തെ നിലയിൽ ഓഫീസ് പ്രവർത്തനം തുടങ്ങാൻ കതകുകളും ജനലുകളും സ്ഥാപിച്ചു. പാർട്ടി പ്രവർത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.
റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെ ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ പാർട്ടി ഓഫീസിന്റെ നിർമാണം നടത്തിയത് മാധ്യമ വാർത്തയിലൂടെയാണ് ഹൈക്കോടതിയിലെത്തിയത്. പിന്നാലെ നിർമാണം നിർത്താനും ഉത്തരവ് നടപ്പാക്കാൻ ആവശ്യമെങ്കിൽ ജില്ല കലക്ടർക്ക് പോലീസ് സഹായം നൽകണമെന്നും ജില്ലാ പോലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു. 
മൂന്നാർ- തേക്കടി സംസ്ഥാന പാതക്ക് സമീപം ശാന്തൻപാറ ടൗണിലാണ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് പണിയുന്നത്. ഓഫീസ് നിർമാണം നിർത്തിവെക്കണമെന്ന് 2022 നവംബർ 25ന് ശാന്തൻപാറ വില്ലേജ് ഓഫീസർ കത്ത് നൽകിയിരുന്നു. ജില്ലാ കലക്ടർ ഷീബ ജോർജിന് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ സീമ കഴിഞ്ഞ ജൂൺ 22ന് അനധികൃത നിർമാണം സംബന്ധിച്ച് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. 
കോടതി ഉത്തരവ് നിയമപരമായി നേരിടുമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി. വി വർഗീസ് പറഞ്ഞു. കോടതി ഉത്തരവോ പണി നിർത്തി വെക്കാൻ കലക്ടറുടെ ഉത്തരവോ കൈയിൽ കിട്ടിയില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കാതെ ആണ് കോടതി ഉത്തരവ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം നിർമാണങ്ങൾ എല്ലാം സാധൂകരിക്കപ്പെടുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.

Latest News