പെരിന്തല്‍മണ്ണ- ആശുപത്രിക്ക് സമീപത്തു നിന്ന് ജോലിക്കിടെ ദേഹത്ത് തീപ്പിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. എടക്കര തച്ചുപറമ്പന്‍ ഫവാസിനാ (30) ണ് ഗുരുതര പൊള്ളലേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീപ്പിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മുറിച്ചുകടന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിനു മുന്നിലേക്കു യുവാവ് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീ കെടുത്തി. അടിയന്തര ചികിത്സ നല്‍കി. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതിനാല്‍ ഫവാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യാ ശ്രമമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.






