പെരിന്തല്‍മണ്ണ- ജോലി ചെയ്ത വീട്ടില്‍നിന്നു പലപ്പോഴായി മൂന്നു ലക്ഷത്തോളം രൂപ മോഷ്ടിച്ചു മുങ്ങിയ യുവതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം മാങ്ങോട് മുള്ളൂര്‍ കുളത്തിങ്കരയില്‍ രജനിയാണ് (38) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ വനിതാ എസ്.ഐ ഒ.രമാദേവിയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.
പെരിന്തല്‍മണ്ണയിലെ വ്യവസായിയുടെ വീട്ടില്‍ ഏഴു വര്‍ഷത്തോളം രജനി ജോലിക്ക് നിന്നിരുന്നു. ഇതിനിടെ പല തവണയായി പണം നഷ്ടപ്പെട്ടപ്പോള്‍ വ്യവസായി പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടങ്ങിയതോടെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപേക്ഷിച്ച് യുവതി മുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 2,90,700 രൂപയോളമാണ് മോഷണം പോയത്. അന്വേഷണത്തിനിടെ രജനി മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പോലീസ് ഇവരെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെ രണ്ടു തവണ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു രജനി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.