പത്തനംതിട്ട- വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്ത ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടിൽ ശ്രീജിത്ത് (42)ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഈവർഷം ഫെബ്രുവരി 18 നും ജൂലൈ 7 നുമാണ്, മുമ്പ് വിവാഹിതനായ പ്രതി, കല്യാണം കഴിക്കാമെന്ന് വാക്കു നൽകിയശേഷം യുവതിയെ ബലാൽസംഗം ചെയ്തത്. ആറന്മുളയിലുള്ള യുവതിയുടെ വീട്ടിലും ഗുരുവായൂരിലെ ഒരു ലോഡ്ജ് മുറിയിലും വച്ച് പീഡിപ്പിച്ചതായാണ് കേസ്. ഈമാസം 20 ന് വൈകിട്ട് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ആറന്മുള പോലീസ്, തിരുവല്ലയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ വിവാഹമോചനകേസ് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് കിട്ടിയാലുടനെ, യുവതിയെ കല്യാണം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്, ഈവർഷം മാർച്ച് 7 മുതൽ ജൂലൈ 5 വരെയുള്ള കാലം യുവതിയുടെ വീട്ടിൽ ഭാര്യാഭർത്താക്കന്മാരെപോലെ ജീവിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായും യുവതി വെളിപ്പെടുത്തി. തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
വിവാഹം കഴിക്കാമെന്ന വ്യാജനയാണ് ഗുരുവായൂരിൽ കൊണ്ടുപോയതും അവിടെ ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതും. യുവതിയുടെ മൊഴിപ്രകാരം എസ് ഐ അലോഷ്യസ് ആണ് കേസെടുത്തത്. പ്രതിയെ തിരുവല്ലയിൽ ഭാര്യക്കൊപ്പം താമസിക്കുന്ന വാടകവീട്ടിൽ നിന്നും 20 ന് വൈകിട്ട് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.