Sorry, you need to enable JavaScript to visit this website.

പ്രതിഷേധം  ശക്തം, ജ്വല്ലറിക്കാരന്‍ പരസ്യം പിന്‍വലിച്ചു   

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യം ഒടുവില്‍ പിന്‍വലിച്ചു. അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന റോളില്‍ എത്തുന്ന പരസ്യത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.  ജീവനക്കാരെ അവഹേളിക്കുന്നതാണ് പരസ്യം എന്നായിരുന്നു ആക്ഷേപം. ജീവനക്കാരുടെ സംഘടനയായ ഫെബി ആയിരുന്നു പരസ്യത്തിനെതിരെ അതി ശക്തമായി രംഗത്ത് വന്നത്.  പരസ്യം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) രമേശ് കല്യാണരാമന്‍ ആണ്. മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ ആയിരുന്നു. ട്രസ്റ്റ് കാമ്പയിന്‍ 'വിശ്വാസം, അതല്ലേ എല്ലാം' എന്നതാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ വാചകം. ഇത് അടിസ്ഥാനമാക്കിയുള്ള ഇവരുടെ 'ട്രസ്റ്റ് കാമ്പയിന്‍' ആയിട്ടായിരുന്നു പരസ്യം. ഇതേ രീതിയിലുള്ള അഞ്ചാം സീരീസ് ആയിരുന്നു പുതിയ പരസ്യം. ബാങ്ക് ജീവനക്കാരെ പ്രായമായ അച്ഛനേയും കൂട്ടി ബാങ്കിലെത്തുന്ന മകള്‍. അവിടെ ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം. സത്യത്തില്‍ ഉറച്ച് നില്‍ക്കുന്ന അച്ഛന്‍. ഇതൊക്കെയാണ് പരസ്യത്തിന്റെ ഇതിവൃത്തം. അച്ഛനായി അമിതാഭ് ബച്ചനും മകളായി മഞ്ജു വാര്യരും ആണ് അഭിനയിച്ചത്. രണ്ട് തവണ പെന്‍ഷന്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയ കാര്യം പറയാന്‍ വേണ്ടിയാണ് ഇവര്‍ ബാങ്കില്‍ എത്തുന്നത്. ബാങ്ക് ജീവനക്കാരില്‍ നിന്ന് അസഹിഷ്ണുതയോടെയുള്ള പെരുമാറ്റമായിരുന്നു.  ഏറ്റവും ഒടുവില്‍ മാനേജരുടെ അടുത്ത് എത്തിപ്പെടുന്നു. ആര് ശ്രദ്ധിക്കാന്‍ പെന്‍ഷന്‍ മുടങ്ങിയതാണെന്നാണ് ആദ്യം മാനേജര്‍ കരുതുന്നത്. എന്നാല്‍ രണ്ട് തവണ ക്രെഡിറ്റ് ആയതാണ് പ്രശ്‌നം എന്ന് പറഞ്ഞപ്പോള്‍, അതൊക്കെ ആര് ശ്രദ്ധിക്കാന്‍, ആ പണം നിങ്ങള്‍ തന്നെ വച്ചോളൂ എന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി. പക്ഷേ, അത് സമ്മതിച്ചുകൊടുക്കാന്‍ അമിതാഭ് ബച്ചന്‍ തയ്യാറാകുന്നില്ല. ഇങ്ങനെയാണ് പരസ്യം അവസാനിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് മകളുടെ വേഷത്തില്‍ എത്തുന്നത്. എന്നാല്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ സ്വന്തം മകളായ ശ്വേത തന്നെയായിരുന്നു ആ വേഷം ചെയ്തത്. ശ്വേത ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഈ പരസ്യത്തിന്. 

Latest News