കണ്ണൂർ - വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പോലീസ് പിടികൂടി. വളപട്ടണം പോലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വെച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം കാസർകോട് കാഞ്ഞങ്ങാട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അൻപതോളം പേരെ ഹൊസ്ദുർഗ്പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെവരെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കോച്ചിൽ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു.






