സൗദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന വേലക്കാരിയുടെ  പെട്ടിയിൽ നിറയെ മോഷണ വസ്തുക്കൾ

ജിദ്ദ - നാട്ടിലേക്ക് മടങ്ങാനിരുന്ന വേലക്കാരിയുടെ ബാഗ് പരിശോധിച്ച സ്‌പോൺസറുടെ കുടുംബാംഗങ്ങൾ മോഷണ വസ്തുക്കൾ കണ്ട് ഞെട്ടി. അഞ്ചു വർഷം വീട്ടിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച വേലക്കാരിയുടെ പെട്ടി കുടുംബാംഗങ്ങൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പലസമയങ്ങളിലായി വീട്ടിൽ നിന്ന് പണവും വിലപിടിച്ച വസ്തുക്കളും കാണാതായതാണ് വേലക്കാരിയുടെ പെട്ടി പരിശോധിക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്. 
കുടുംബാംഗങ്ങളുടെ വിലപിടിച്ച വസ്ത്രങ്ങൾ, ഐഫോണുകൾ, വയർലെസ് ഇയർഫോണുകൾ, അത്തറുകൾ, വാച്ചുകൾ അടക്കമുള്ള വസ്തുക്കൾ പെട്ടിയിൽ കണ്ടെത്തി. ഐഫോണുകൾ അടക്കമുള്ള വസ്തുക്കൾ കാണാതായതിനെ തുടർന്ന് ഇവക്കു വേണ്ടിയുള്ള തിരച്ചിലുകളിൽ വേലക്കാരി മുന്നിൽ തന്നെയുണ്ടായിരുന്നു. കവർച്ചകൾക്കു പിന്നിൽ വേലക്കാരി തന്നെയാണെന്ന് പെട്ടി പരിശോധിച്ചപ്പോഴാണ് കുടുംബാംഗങ്ങൾക്ക് വ്യക്തമായത്. സ്‌പോൺസറുടെ കുടുംബാംഗങ്ങൾ വേലക്കാരിയുടെ പെട്ടി പരിശോധിക്കുന്നതിന്റെയും മോഷണ വസ്തുക്കൾ കണ്ടെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Latest News