Sorry, you need to enable JavaScript to visit this website.

യോഗിയുടെ കാൽതൊട്ട് വിവാദത്തിലായ രജനിയെ പിന്തുണച്ച് ബി.ജെ.പി

ചെന്നൈ- യു.പി സന്ദർശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ടതിനെ തുടർന്ന് വിവാദത്തിലായ സൂപ്പർ സ്റ്റാർ രജനികാന്തിന് പിന്തുണയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. രജനികാന്ത് യോഗിയോട് ബഹുമാനം കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ബിജെപി നേതാവ് പറഞ്ഞു.

യോഗി ജി ഗോരഖ്പൂർ മഠത്തിന്റെ തലവനാണ്. ഉത്തർപ്രദേശിലെ ആളുകൾ അദ്ദേഹത്തെ 'മഹാരാജ്' എന്ന് വിളിക്കുന്നു. അപ്പോൾ, രജനീകാന്ത് കാലിൽ വീണാൽ, അതിൽ എന്താണ് കുഴപ്പം? ഇതിനർത്ഥം ഒരാൾ മറ്റൊരാളേക്കാൾ താഴ്ന്നവനല്ല. അത് മാത്രമാണ്. യോഗി ജിയെയും അദ്ദേഹത്തിന്റെ ആത്മീയതയെയും രജനികാന്ത് ബഹുമാനിക്കുന്നുവെന്നും യോഗിയോട് തന്റെ സ്നേഹവും വാത്സല്യവും മാത്രമാണ് അദ്ദേഹം കാണിച്ചിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു.

ജോലിയില്ലാത്ത ചില രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും എല്ലാറ്റിനെയും വിമർശിക്കാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഡിഎംകെ മന്ത്രിയായ അൻബിൽ മഹേഷിൽ നിന്ന് 20 രൂപ കൈപ്പറ്റാൻ ഒരാൾ കാലിൽ വീണ സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട്ടിലെ മന്ത്രിമാർ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാൽക്കൽ വീഴുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കാലിൽ മന്ത്രിമാർ വീഴുന്ന കാഴ്ചയാണ് നമ്മൾ അടുത്തിടെ കാണുന്നത്. അതുപോലെ ഉദയനിധി സ്റ്റാലിനേക്കാൾ സീനിയറായ ഒരു എം.എൽ.എ നിയമസഭയിൽ അദ്ദേഹത്തെ വണങ്ങി. രജനികാന്തിനെ വിമർശിക്കുന്നവർ എന്തുകൊണ്ട് ഇതൊന്നും കാണുന്നില്ല- അണ്ണാമലൈ ചോദിച്ചു.

യോഗി ആദിത്യനാഥിനെ കണ്ടതിന് ശേഷം സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവുമായും രജനികാന്ത് കൂടിക്കാഴ്ച നടത്തിയതായും അണ്ണാമലൈ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടി നേതാക്കളുമായി രജനികാന്തിന് ഊഷ്മളമായ ബന്ധമുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

 

Latest News