ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പ്രതി ആറു വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം-  അഞ്ചാലുംമ്മൂട് മതിലിൽ സ്വദേശി രാജേന്ദ്രൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആറ് വർഷത്തിന് ശേഷം കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര ചക്കുവരയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ രവീന്ദ്രൻപിള്ളയാണ്  (47) പിടിയിലായത്. 2012 ഡിസംബർ ഒമ്പതിന് കൊല്ലം കലക്ടറേറ്റിന് സമീപം തോപ്പിൽക്കടവിലുളള ലേക്ക്‌വ്യൂ ബാറിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. ബാറിൽ മദ്യപിക്കാനെത്തിയ രാജേന്ദ്രൻ പിള്ളയും കൂട്ടരും ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കേ ബാർ ജീവനക്കാരുമായി വാക്ക് തർക്കമുണ്ടായി. മദ്യപ സംഘവും ബാർ ജീവനക്കാരുമായുളള വാക്ക് തർക്കം അടിപിടിയിൽ കലാശിക്കുകയും ബാറിലെ സപ്ലേയറായ രവീന്ദ്രൻ പിള്ള മദ്യപ സംഘത്തിലുണ്ടായിരുന്ന രാജേന്ദ്രൻ പിള്ളയെ കൊലപ്പെടുത്തുകയുമായിരുന്നു. 
പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആറ് വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി ഹാജരാവാതിരുന്നതിനെ തുടർന്ന് കോടതിയിൽ ദീർഘകാലമായി മുടങ്ങിക്കിടന്ന കേസിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടർന്ന് ബാർ ജീവനക്കാരനായ പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാനത്തെ ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരുളള ഹോട്ടലിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എസ് ഷിഹാബുദ്ദീൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്. ഐ വിപിൻകുമാർ യു.പി ടീമംഗങ്ങളായ ഹരിലാൽ, സജു, മണികണ്ഠൻ, സീനു, ശ്രീജു തുടങ്ങിയവർ ഉണ്ടായിരുന്നു. 

Latest News