മേലുദ്യോഗസ്ഥന്റെ ഭാര്യയുടെ പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വനിതാ ഹോം ഗാർഡിന് രണ്ട് കാലുകളും നഷ്ടമായി

ഭുവനേശ്വർ- ഒഡീഷയിൽ  ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പീഡനത്തെത്തുടർന്ന് ആത്മഹത്യക്കു ശ്രമിച്ചു വനിതാ ഹോം ഗാർഡിന് രണ്ട് കാലുകളും നഷ്ടപ്പെട്ടു. ജീവനൊടുക്കാൻ ശ്രമിച്ച വനിതാ ഹോം ഗാർഡിന്റെ കാലുകൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചക്രത്തിനടിയിലാകുകയായിരുന്നു. 

ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് ഡയറക്ടർ ജനറലിന് (ഡിജിപി) നിർദ്ദേശം നൽകി. കാലുകൾ മുറിച്ചുമാറ്റിയ വനിതാ ഹോം ഗാർഡിന്റെ ചിത്രം സംസ്ഥാനത്തുടനീളം പ്രതിഷേധത്തിനു കാരണമായി.

സംസ്ഥാന സർക്കാർ  നോർത്ത് സെൻട്രൽ റേഞ്ച് ഡിഐജി അംഗുലിനെ സ്ഥലം മാറ്റി സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു.   മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി ഹോം ഗാർഡ്  ഓഗസ്റ്റ് 13ന് ഡയറക്ടർ ജനറൽ സുധാംശു സാരംഗിക്ക്  രേഖാമൂലം നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ നിരസിച്ച അധികൃതർ അംഗുൽ ജില്ലയിലെ സൗരിദ്രി സാഹു എന്ന വനിതാ ഹോം ഗാർഡ് ചില കുടുംബ പ്രശ്‌നങ്ങൾ കാരണം അസ്വസ്ഥതയുണ്ടെന്നാണ് പറഞ്ഞിരുന്നത്.

ആഗസ്ത് നാലിന് തന്നെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും  വസ്ത്രങ്ങൾ കഴുകാത്തതിനാൽ ഉദ്യോഗസ്ഥന്റെ ഭാര്യ പീഡിപ്പിച്ചുവെന്നും സൗരിദ്രി സാഹു പരാതിയിൽ പറഞ്ഞിരുന്നു.

അപമാനവും പീഡനവും സഹിച്ചാണ് താൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ഹോം ഗാർഡ് പുതിയ കത്തിൽ   പറയുന്നു. സാഹു ഇപ്പോൾ കട്ടക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇത് സംബന്ധിച്ച് വനിതാ ഹോം ഗാർഡ് ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും ഗവർണർ ഗണേഷി ലാലിനും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനും മറ്റ് പലർക്കും കത്തയച്ചു. വിധവയായ ഹോം ഗാർഡിന് രണ്ട് പെൺമക്കളുണ്ട്. 

Latest News