തിരുവനന്തപുരം- തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനില്‍ സി.പി.എം. നേതാക്കളും പോലീസും തമ്മില്‍ തര്‍ക്കം. വാഹനപരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ. നേതാവിനെ മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചാണ് വാക്കുതര്‍ക്കം. വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി എം. നിതീനെ ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ മര്‍ദിക്കുകയും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം.
ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ നിതിനെ പുലയനാര്‍ കോട്ടയ്ക്കടുത്ത് വെച്ച് പോലീസ് തടഞ്ഞു നിര്‍ത്തി. പിന്നീട് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുകയും ചെയ്തു. അല്‍പനേരം കഴിര്‍ഞ്ഞ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുമായി നിതിന്‍ പേട്ട പോലീസ് സ്റ്റേഷനില്‍ എത്തി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പോലീസ് വാഹനപരിശോധനക്കിടെ അസഭ്യം പറഞ്ഞുവെന്നും മര്‍ദിച്ചെന്നും ആരോപിച്ചായിരുന്നു വാക് തര്‍ക്കം.
തുടര്‍ന്ന് സി.പി.എം. നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി ചര്‍ച്ച നടത്തി. ഡി.സി.പി.യുമായുള്ള ചര്‍ച്ചയില്‍ ആരോപണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കിയ ശേഷം പ്രവര്‍ത്തകര്‍ സംഘര്‍ഷം അവസാനിപ്പിച്ചു പിരിഞ്ഞു പോവുകയായിരുന്നു.