തലശ്ശേരി - ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ന്യൂമാഹി കിടാരൻകുന്നിലെ യു.കെ സലീമിനെ കൊലപ്പെടുത്തിയിട്ട് ഇന്നലെ പത്ത് വർഷം പൂർത്തിയായി. എന്നാൽ കൊലയാളികളാരെന്നതിൽ സ്വന്തം പിതാവ് തന്നെ സംശയം പ്രകടിപ്പിച്ചത് സി.പി.എം നേതൃത്വത്തിന് ഭീഷണിയുയർത്തിയിട്ടുണ്ട്. എൻ.ഡി.എഫിന്റെ കില്ലർഫ്രണ്ട് തന്നെയാണ് ഒറ്റക്കുത്തിന് സലീമിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം ഉറപ്പിച്ച് പറയുകയാണ്. സലീമിന്റെ പിതാവ് പുന്നോൽ ഉസ്സൻമൊട്ട സാബിറ മൻസിലിൽ കെ.പി യൂസഫ് നൽകിയ ഹരജിയിൽ ഹൈക്കോടതി അടുത്ത ദിവസം ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കുടുംബം കരുതുന്നത്.
തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഫസലിന്റെ കൊലപാതകത്തെ തുടർന്ന് തലശ്ശേരി മേഖലയിൽ നടന്ന മൂന്ന് കൊലപാതകങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കെ.പി യൂസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ മൂന്ന് കൊലപാതകത്തിന് പിന്നിലും സി.പി.എം തന്നെയാണെന്നാണ് യൂസഫിന്റെ പരാതി. ഫസൽ വധത്തിന് ശേഷം കൊല്ലപ്പെട്ട ഉസ്സെൻമൊട്ടയിലെ യു.കെ സലീം, ന്യൂമാഹി ഏടന്നൂരിലെ നാമത്ത് റയീസ്, നങ്ങാറത്ത്പീടികയിലെ ജിജേഷ് നിവാസിൽ കെ.പി ജിജേഷ് എന്നിവരുടെ മരണങ്ങളാണ് അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സലീമിന്റെ പിതാവ് തന്നെ രംഗത്ത് എത്തിയിരുന്നത്.
കൊല്ലപ്പെടുന്നതിന് മുമ്പ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന ഫസലിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു മൂന്ന് പേരും. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഫസൽ എൻ.ഡി.എഫിലേക്ക് ചേക്കേറുകയായിരുന്നു. അതിനിടെ 2008 ഒക്ടോബർ 2 ന് പുലർച്ചെ നാലര മണിയോടെ വാടിക്കൽ ലിബർട്ടി ക്വാർട്ടേഴ്‌സിന് മുന്നിൽ വെച്ച് ഫസൽ കൊല്ലപ്പെട്ടു.
ഫസലിന്റെ കൊലപാതകത്തിന് ശേഷം മൂവരും പാർട്ടി പ്രവർത്തനം നിർത്തി ഗൾഫിലേക്ക് പോകാൻ ഒരുങ്ങുന്നതിന്റെ തലേദിവസമാണ് 2008 ജനുവരി 26 ന് രാത്രി പത്തര മണിയോടെ റയീസിന്റെ മൃതദേഹം ഏടന്നൂർ വായനശാലക്ക് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത.് തുടർന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ 27 ന് പുലർച്ചെ ഒന്നര മണിയോടെ ജിജേഷിനെ നങ്ങാറത്ത്പീടിക ഓവുപാലത്തിന് സമീപം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാടപ്പീടികയിലെ സുഹൃത്തിന്റെ കല്യാണ വീട്ടിൽ പോയി വരുന്ന വഴി വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഉറ്റ സുഹൃത്തുക്കളുടെ മരണത്തിന് ശേഷം ഭയന്ന സലീമിനെ ബന്ധുക്കൾ പാസ്‌പോർട്ടും വിസയും ശരിയാക്കി ഗൾഫിലേക്ക് അയക്കാൻ നോക്കുന്നതിനിടെ 2008 ജൂലൈ 23 ന് രാത്രി എട്ടര മണിയോടെ ഉസ്സൻമൊട്ട വെച്ച് സലീമിനെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതാണ് സലീമിന്റെ കുടുംബത്തിനും കൊലപാതകത്തിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് ബാപ്പ യൂസഫ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എൻ.ഡി.എഫ് തീവ്രവാദികൾ ഒറ്റക്കുത്തിന് ആദ്യം അവസാനിപ്പിച്ചത് യു.കെ സലീമിനെയാണെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ ഇന്നലെ വാർത്ത വന്നിട്ടുണ്ട.് അഭിമന്യു കൊലക്കേസിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു വാർത്ത വന്നതെന്നതും ശ്രദ്ധേയമാണ്. സലീം എൻ.ഡി.എഫിന്റെ കണ്ണിലെ കരടായിരുന്നെന്നും ദേശാഭിമാനി എടുത്തുകാട്ടുന്നുണ്ട.് സലീം വധത്തിൽ എൻ.ഡി.എഫ് പ്രവർത്തകർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ഇന്നലെ സലീമിന്റെ പത്താം ചരമ വാർഷികം സി.പി.എം ആചരിച്ചപ്പോൾ സലീമിന്റെ ബാപ്പയുടെ ഹരജി ഹൈക്കോടതി ഉത്തരവ് കാത്ത് കഴിയുകയാണെന്നത് സി.പി.എമ്മിനും ഭയപ്പാടുണ്ടാക്കുകയാണ്.






