ഷിഗല്ലെയെ അറിയാം

ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയൽ ബാധയാണ് ഷിഗല്ലെ എന്ന രോഗത്തിന് കാരണം. ആമാശയത്തിനും കുടലിനും ബാധിക്കുന്ന ബാക്ടീരിയ കലശലായ വയറിളക്കത്തിന് കാരണമാകും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിൽ എത്താനുള്ള സാധ്യത ഏറ്റവുമധികമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ബാക്ടീരിയ ശരീരത്തിൽ എത്തിയാൽ ഒരാഴ്ച കൊണ്ടാണ് പ്രവർത്തിച്ചു തുടങ്ങുക. കോളറ പോലെയുള്ള രോഗലക്ഷണമാണ് ഷിഗല്ലെക്കുമുണ്ടാവുക. മലത്തിൽ രക്തം കലർന്നതായി കാണും. രണ്ടു മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുട്ടികളുടെ ഡയാപർ മാറ്റിക്കഴിഞ്ഞാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കവും മറ്റുമാണെങ്കിലും ചിലർക്ക് ഇതൊന്നുമില്ലാതെയും ഷിഗല്ലെ ബാധിക്കാമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.


ഷിഗല്ലെ: വയറിളക്ക രോഗങ്ങൾ കരുതണമെന്ന് ഡി.എം.ഒ

കോഴിക്കോട് - ജില്ലയിൽ ഷിഗല്ലെ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സാധാരണ വയറിളക്കത്തേക്കാൾ മാരകമാണ് ഷിഗല്ലെ. വയറിളക്കത്തോടൊപ്പം പനി, മലത്തിൽ രക്തത്തിന്റെ അംശം, ശക്തമായ വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർഛിച്ച് തലച്ചോറിനെ ബാധിച്ചും മരണം സംഭവിക്കാം.  
രോഗാണു കുടിവെള്ളത്തിലൂടെയോ മലിനമായ കൈകളിലൂടെയോ ഈച്ച വഴി ഭക്ഷണത്തിലൂടെയോ പകരാം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറന്നുവെച്ചതും പഴകിയതുമായ ഭക്ഷണം കഴിക്കാതിരിക്കുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, വൃത്തിഹീന സാഹചര്യങ്ങളിൽ ആഹാരം കൈകാര്യം ചെയ്യാതിരിക്കുക, വെള്ളം ധാരാളമായി കുടിക്കുക, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നിവയാണ് രോഗവ്യാപനം തടയുന്നതിന് പ്രധാനം. 
കുട്ടികളിൽ രോഗം വരാനുള്ള സാധ്യത കൂടുതലായതിനാൽ കുട്ടികൾ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോയെന്ന കാര്യം രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും വയറിളക്ക രോഗങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഉടൻ വൈദ്യ സഹായം തേടണമെന്നും ഡി.എം.ഒ അറിയിച്ചു.


 

Latest News