Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ് നല്ലത് എന്നാണ് അഭിപ്രായം-സച്ചിദാനന്ദൻ

തിരുവനന്തപുരം- കേരളത്തിൽ ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നും ഈ അഭിപ്രായം നേരത്തെയും പറഞ്ഞിട്ടുണ്ടെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ. ഫെയ്‌സ്ബുക്ക് കമന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ മൂന്നാമതും ഇടതുപക്ഷ സർക്കാർ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന സച്ചിദാനന്ദന്റെ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നത്.

ഇടതുപക്ഷം തിരിച്ചു വരാതിരിക്കാൻ പ്രാർഥിക്കാൻ സുഹൃത്തുക്കളായ സഖാക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നത് പൊട്ടിച്ചിരിച്ചു കൊണ്ടാണ്. പ്രശ്‌നം എന്നെ 2014 മുതലെങ്കിലും ലേഖനങ്ങളിലും പ്രസംഗങ്ങളിലും പോസ്റ്റുകളിലും കൂടി പിൻ തുടരാത്തവർക്കു എന്റെ നിലപാടുകളിൽ വൈരുദ്ധ്യം ഉണ്ടെന്ന് തോന്നാം എന്നതാണ്.  അന്ന് മുതലെങ്കിലും, ദേശീയതലത്തിൽ കോൺഗ്രസ്സിനെ വിമർശനം വിടാതെ തന്നെ പിന്തുണയ്ക്കുന്ന  നിലപാടാണ് ഞാൻ എടുത്തിട്ടുള്ളത്. 
കേന്ദ്രഭരണത്തിൽനിന്ന് ഇടതുപക്ഷം പിൻവാങ്ങിയത് വലിയ അബദ്ധമായിരുന്നു എന്ന് അന്ന് തന്നെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഇന്നും അങ്ങിനെ കരുതുന്നു. അത് ബി ജെ പി യുടെ ഉയർച്ചയ്ക്ക്, കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പതനത്തിനു എന്ന പോലെ കാരണമായിട്ടുണ്ട്, അത് മാത്രം എന്ന് പറയുന്നില്ലെങ്കിലും. ഒപ്പം തന്നെ മാർക്‌സിസ്റ്റുകൾ വർഗ്ഗ ന്യൂനീകരണം നടത്തുന്നു എന്നും ഗാന്ധി, അംബേദ്കർ, ഗുരു എന്നിവരെ മനസ്സിലാക്കാതെ ഇന്ത്യൻ സമൂഹത്തെ മനസ്സിലാക്കാൻ ആവില്ലെന്നും പറഞ്ഞു പോന്നിട്ടുണ്ട്.  
കേരളത്തിൽ മാറി മാറി മുന്നണികൾ ഭരിക്കുകയാണ് നല്ലതെന്നും ഞാൻ കരുതുന്നു. മൂന്നാം വട്ടത്തേക്കുറിച്ച് ഞാൻ പറഞ്ഞത് പകുതി തമാശയായി ആണ്, എന്നാല് ഇനിയും ഇടതുമുന്നണി വന്നാൽ കേരളത്തിലെ കോൺഗ്രസ് ശോഷിക്കും എന്നും അത് ബിജെപ്പിക്കാണ് ഗുണം ചെയ്യുക എന്നും ഞാൻ കരുതുന്നു. കോൺഗ്രസ്സിൽ നിന്ന് പോലും അങ്ങോട്ട് കുറെ ആളുകൾ മാറാൻ എല്ലാ സാദ്ധ്യതയും ഉണ്ട്. 
ഈ വിവക്ഷകൾ വിശദീകരിക്കാൻ അവസരം ഇല്ലാതിരുന്നത് കൊണ്ട് അത് ഒരു ഫലിതമായി പറയാനേ എനിക്കു കഴിഞ്ഞുള്ളൂ. അത് ഈ ഭരണത്തിന്റെ ഒരു വിമർശനം ആയാണ് മനസ്സിലാക്കപ്പെട്ടത്. എന്നാല് ഈ ഭരണം ചെയ്ത നല്ല കാര്യങ്ങളും   ഗതാഗതം, ടൂറിസം , സഹകരണം തുടങ്ങിയ മേഖലകളിൽ   ഞാൻ പറഞ്ഞിരുന്നു. അതെല്ലാം എഡിറ്റിംഗ് വിട്ടു കളഞ്ഞു. രണ്ടു മണിക്കൂർ എങ്കിലും നീണ്ട സംഭാഷണം ആയിരുന്നു അത്. ഠലഃ േ ന് അനുസരിച്ചാണ് വീഡിയോയും എഡിറ്റ് ചെയ്യപ്പെട്ടത്. 
ഇതൊക്കെ ഓരോ വാചകം ആയി മലയാള പത്രങ്ങൾ ടോൺ മാറ്റി എടുത്തു ചേർത്തപ്പോൾ ലക്ഷ്യം തന്നെ തെറ്റായി ധരിക്കപ്പെട്ടു. ഒരു വ്യക്തി വൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ, സാമൂഹ്യ മാദ്ധ്യമങ്ങൾ ഉൾപ്പെടെ, നിസ്സഹായൻ ആണ്. ഇത് മാദ്ധ്യമ പ്രവർത്തകർ മനസ്സിലാക്കുന്നില്ല. നമ്പി നാരായണൻ മുതൽ ആത്മഹത്യ ചെയ്ത പറവൂരിലെ പെൺകുട്ടി വരെ  ക്രൂരമായ മാദ്ധ്യമ വിനോദത്തിന്റെ ഇരകൾ ആയിരുന്നു എന്ന് ഓർക്കുക. 
ഈ sensitivtiy ആണ് ഞാൻ മാദ്ധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എനിക്ക് ഒരു കക്ഷിയെയും സന്തോഷിപ്പിക്കാൻ കാര്യം ഇല്ല. അക്കാദമി അദ്ധ്യക്ഷ പദം ഭാരമായി കാണുന്ന ആളാണ് ഞാൻ. എഴുതാനുള്ള സമയം വരെ അപഹരിക്കപ്പെടുന്ന അവസ്ഥ.  വളരെ മടിച്ചാണ് ചില സുഹൃത്തുക്കളുടെ സമ്മർദ്ദത്തിന് ഞാൻ വഴങ്ങിയത്. പക്ഷേ അതൊന്നും ശരാശരി മലയാളിക്ക് മനസ്സിലാവില്ല- സച്ചിദാനന്ദന്‍ പറഞ്ഞു. 
 

Latest News