ട്രെയിന്‍ കല്ലേറിന് പിന്നില്‍ തീവ്രവാദ ബന്ധം സംശയം, അട്ടിമറി സാധ്യത അന്വേഷിക്കുന്നു

കാസര്‍കോട്- ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായുള്ള കല്ലേറില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കുകയാണ്  റെയില്‍വേ പോലീസ്. അഞ്ചു ദിവസത്തിനിടെ നാല് ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടാവുകയും കളനാട് തുരങ്കത്തിന് സമീപം കല്ലും ക്‌ളോസറ്റും വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ നടത്തിയ സംഭവത്തിലും തീവ്രവാദ ബന്ധം സംശയിക്കുകയാണ് അന്വേഷണ സംഘം. നീലേശ്വരം, വളപട്ടണം, കണ്ണൂര്‍ സൗത്ത്, കാഞ്ഞങ്ങാട്, കളനാട്  എന്നിവിടങ്ങളില്‍ വെച്ചായിരുന്നു കല്ലേറും അട്ടിമറി ശ്രമവും. വന്ദേഭാരത് ട്രെയിനിന് നേരെയും കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായി. അടിക്കടിയുണ്ടാകുന്ന കല്ലേറിനു പിന്നില്‍ അട്ടിമറി സാധ്യത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവങ്ങളില്‍ പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ കണ്ണൂരിലും മലപ്പുറത്തും നിരോധിത സംഘടനായ പി എഫ് ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിനുകള്‍ക്ക് നേരെ ഒരേ സമയം പലയിടങ്ങളിയായി കല്ലേറുണ്ടായത്. ഈ വശവും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ വെച്ച് ട്രെയിനിന് കല്ലെറിഞ്ഞ മൂന്നുപേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യലഹരിയില്‍ ചെയ്തെന്നുവെന്നാണ് ഇവര്‍ പൊലീസില്‍ നല്‍കിയ മൊഴി. വരും ദിവസങ്ങളില്‍ പരിശോധനയും അന്വേഷണവും ഊര്‍ജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം. കാസര്‍കോട് ജില്ലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈ. എസ്.പി പി ബാലകൃഷ്ണന്‍ നായരും ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു പി വിപിനും അന്വേഷണം നടത്തിയിരുന്നു. കണ്ണൂര്‍ ആര്‍ പി എഫ് സി ഐ ബിനോയ് ആന്റണി, കാസര്‍കോട് ആര്‍ .പി.എഫ് എസ് ഐ കതിരേഷ് ബാബു, എ എസ്.ഐ ബിനോയ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.

തലശേരിക്കും മാഹിയ്ക്കും ഇടയില്‍ വെച്ച് വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറും കാഞ്ഞങ്ങാട്ടെ രാജധാനിക്ക് നേരെയുണ്ടായ കല്ലേറും ആര്‍.പി.എഫ്, പൊലീസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ കല്ലേറുകള്‍ വര്‍ദ്ധിച്ചു വരുന്നത് അന്വേഷണ സംഘം ഗൗരവത്തോടെ എടുത്തിട്ടുണ്ട്. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയിലും കല്ലേറുണ്ടായിരുന്നു. അന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് തുടരെ കല്ലേറുണ്ടാവുന്നത്. ഞായറാഴ്ച ഒരേ സമയം മൂന്ന് ട്രെയിനുകള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞിരുന്നു. കണ്ണൂരില്‍ തിരുവനന്തപുരം- നേത്രാവതി എക്‌സ്പ്രസ്, ചെന്നെ സൂപ്പര്‍ ഫാസ്റ്റ്, ഓഖ-എറണാകുളം എക്‌സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം-നേത്രാവതി എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടത്. രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയിലാണ്. ഓഖ-എറണാകുളം എക്‌സ്പ്രസിന് നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയില്‍വേയും ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്.

 

Latest News