Sorry, you need to enable JavaScript to visit this website.

അമേരിക്കക്ക് അത്ഭുതമായി  മേക്കർ വില്ലേജ് 

കൊച്ചി- സംസ്ഥാനത്തെ ഹാർഡ്‌വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജിന്റെ പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ റോബർട്ട് ബർജസ്. ഉപഭോക്താവിന്റെ ആവശ്യങ്ങൾ അറിഞ്ഞുള്ള ഉൽപന്നങ്ങളാണ് മേക്കർ വില്ലേജിലെ സംരംഭകരുടേതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ കോൺസുലേറ്റിലെ പ്രിൻസിപ്പൽ കൊമേഴ്‌സ്യൽ ഓഫീസറായ ജെയിംസ് ഫഌക്കറുമൊത്ത് മേക്കർ വില്ലേജ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
അനുകരണമാണ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മേക്കർ വില്ലേജിലെ ഉത്പന്നങ്ങളുടെ വൈവിധ്യം തന്നെ അത്ഭുതപ്പെടുത്തുന്നു. റോബോട്ടു മുതൽ ഗർഭിണികളുടെ ദൈനംദിന ആരോഗ്യ സംരക്ഷണത്തിനു വേണ്ട ഉപകരണങ്ങൾ വരെ ഇവിടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. പലതും പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിലൂടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
മേക്കർ വില്ലേജിലെ ഇരുപതോളം സ്റ്റാർട്ടപ്പുകൾ അദ്ദേഹം സന്ദർശിച്ചു. അണ്ടർവാട്ടർ ഡ്രോൺ, റോബോട്ട്, സ്മാർട്ട് സൈക്കിൾ, ഹെൽത്ത് മോണിട്ടർ, നീര മേക്കർ, ത്രിഡി കോസ്റ്റ്യൂം ഡിസൈൻ തുടങ്ങിയവ അദ്ദേഹം പരിശോധിച്ചു. നിർമിതബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയിലൂന്നിയ ഉത്പന്നങ്ങൾ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംരംഭക രാഷ്ട്രമെന്ന നിലയിൽ സാങ്കേതികമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ അമേരിക്കക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ചേർന്ന് നടത്തുന്ന ഗ്ലോബർ ഒൺട്രപ്രണർഷിപ്പ് മീറ്റ് വഴി നിരവധി സംരംഭങ്ങൾക്ക് സഹായവും നിക്ഷേപവും നടത്തുന്നുണ്ട്. പുതിയ സംരംഭങ്ങൾക്ക് ന്യൂദൽഹിയിലെ അമേരിക്കൻ സെന്റർ വഴി സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ കോൺസൽ ജനറൽ റോബർട്ട് ബർജസിന്റെ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്ന് മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. കഴിഞ്ഞ വർഷം അമേരിക്കൻ കോൺസുലേറ്റുമായി ചേർന്ന് നടത്തിയ ബ്ലോക്കത്തോൺ മത്സരം വൻവിജയമായിരുന്നു. അമേരിക്കൻ കോൺസുലേറ്റും മേക്കർ വില്ലേജുമായുള്ള ബന്ധത്തിൽ പുതിയ മാനങ്ങൾ തീർക്കാൻ സന്ദർശനം സഹായിക്കും. ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് മേഖലയിലുള്ള അവസരങ്ങൾ മുതലാക്കുന്നതിന് കൂടിക്കാഴ്ച തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പ് സംരംഭകരുമായി റോബർട്ട് ബർജസും ജെയിംസ് ഫഌക്കറും ആശവിനിമയം നടത്തി. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യയിലെ വാണിജ്യ ഫോറങ്ങളായ സി.ഐ.ഐ, ഫിക്കി തുടങ്ങിയ സ്ഥാപനങ്ങളുമായി സംരംഭകർ ചർച്ച ചെയ്യണമെന്ന് ജെയിംസ് ഫഌക്കർ നിർദ്ദേശിച്ചു.

Latest News