വിദേശ നിക്ഷേപം ചുരുങ്ങിയിട്ടും ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോഡ് തിളക്കം. മൂന്നാഴ്ചകളിൽ സ്വന്തമാക്കിയ 1100 പോയന്റ് കരുത്ത് മുന്നേറ്റത്തിന് അടിത്തറ പണിയുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. വ്യാഴാഴ്ച ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ ജൂലൈ സീരീസ് സെറ്റിൽമെന്റാണ്. അതേസമയം വിനിമയ വിപണിയിൽ രൂപക്ക് നേരിട്ട തളർച്ചയെ ഏറെ പ്രാധാന്യതോടെയാണ് നിക്ഷേപ മേഖല വീക്ഷിക്കുന്നത്.
സ്റ്റീൽ, റിയാലിറ്റി, ഹെൽത്ത്‌കെയർ, ഓട്ടോമൊബൈൽ, കാപ്പിറ്റൽ ഗുഡ്‌സ്, പവർ, എഫ്.എം.സി.ജി, ബാങ്കിംഗ് വിഭാഗങ്ങൾ വിൽപനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. പെട്രോളിയം ടെക്‌നോളജി വിഭാഗങ്ങളിൽ നിക്ഷേപ താൽപര്യം ദൃശ്യമായി.
നിഫ്റ്റി 11,019 ൽനിന്ന് സർവകാല റെക്കോഡായ 11,076 വരെ ഉയർന്നു. വാരാന്ത്യം 11,011 ൽ നീങ്ങുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ പ്രതിരോധം 11,084 പോയന്റിലാണ്. ഈ തടസ്സം മറികടന്നാൽ 11,158 വരെ ഉയരാൻ അവസരം ലഭിക്കാം. അതേസമയം തിരുത്തലിന് നീക്കം നടന്നാൽ 10,930-10,850 ൽ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ സൂചിക 10,696 വരെ തളരാം. വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും ഓവർബോട്ടായതിനാൽ മുന്നേറ്റത്തിന് ക്ലേശിക്കുമെന്ന് മുൻവാരം വ്യക്തമാക്കിയിരുന്നു. നിഫ്റ്റി അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ്.
ബോംബെ സെൻസെക്‌സ് 36,261 വരെ താഴ്ന്ന ശേഷം ഒരു വേള റെക്കോഡായ 36,748 ലേക്ക് കുതിച്ചു. വാരാന്ത്യം സൂചിക 36,496 പോയന്റിലാണ്. അനുകൂല വാർത്തകൾ കണക്കിലെടുത്താൽ ഇന്ന് 36,742 ലെ ലേക്ക് ഉയരാം. ഈ തടസം മറികടന്നാൽ 36,988 നെ വിപണി ലക്ഷ്യമിടും. എന്നാൽ ആദ്യ പ്രതിരോധം മറികടക്കാനായില്ലെങ്കിൽ സൂചിക 36,255-36,014 റേഞ്ചിലേക്ക് തിരിയും.
പണപ്പെരുപ്പം ഉയരുന്നത് ഓഹരി വിപണിക്ക് തിരിച്ചടിയാവും. നാണയപ്പെരുപ്പം നാല് വർഷത്തെ ഉയർന്ന നിരക്കായ 5.77 ശതമാനത്തിലാണ്. ഓഗസറ്റ് ആദ്യം ആർ.ബി.ഐ വായ്പാ അവലോകനം നടത്തും. ഇതിനിടയിൽ വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപ നേരിട്ട റെക്കോഡ് തകർച്ചയും കേന്ദ്ര ബാങ്ക് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. യു.എസ് ഡോളർ ഇൻഡക്‌സ് പ്രമുഖ കറൻസികൾക്ക് മുന്നിൽ മികവിലാണ്. ക്രൂഡ് ഓയിൽ ഒരിക്കൽകൂടി മുന്നേറ്റത്തിന് ശ്രമം നടത്തിയാൽ രൂപയുടെ വിനിമയ നിരക്ക് 72 ലേക്ക് നീങ്ങാം.
സാമ്പത്തിക രംഗം പ്രതിസന്ധിയിലാണെങ്കിലും കേന്ദ്ര സർക്കാർ വാരാന്ത്യം അവിശ്വാസ പ്രമേയത്തെ അതിജീവിച്ചത് കണക്കിലെടുത്താൽ നേട്ടത്തോടെയാവും ഇന്ന് ഇടപാടുകൾക്ക് തുടക്കം കുറിക്കുക. വ്യാഴാഴ്ച നടക്കുന്ന ജൂലൈ സീരീസ് സെൻറ്റിൽമെന്റ് മുൻ നിർത്തി ഓപ്പറേറ്റർമാർ റോൾ ഓവറിന് നീക്കം നടത്താൻ ഇടയുണ്ട്.
ചൈനീസ് മാർക്കറ്റായ ഷാങ്ഹായ് വാരാന്ത്യം തിരിച്ചുവരവ് നടത്തിയത് ഏഷ്യൻ വിപണികളിൽ പ്രതീക്ഷ പകർന്നു. വിനിമയ വിപണിയിൽ ചൈനീസ് നാണയം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഏപ്രിൽ മധ്യത്തിന് ശേഷം യുവാന്റെ വിനിമയ മൂല്യത്തിൽ ഒമ്പത് ശതമാനം ഇടിവ് സംഭവിച്ചു. ഇന്ത്യൻ രൂപയ്ക്ക് നേരിട്ട പോലെ തന്നെ ഡോളറിന്റെ മുന്നേറ്റം ചൈനീസ് നാണയത്തെയും പ്രതിസന്ധിയിലാക്കി. യു.എസ്-ചൈന വാണിജ്യ യുദ്ധമാണ് യുവാനിൽ സമ്മർദ്ദമുളവാക്കിയത്.
യു.എസ്-യൂറോപ്യൻ മാർക്കറ്റുകൾ വാരാന്ത്യം വിൽപ്പനക്കാരുടെ പിടിയിലായിരുന്നു. സ്വർണം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ ട്രോയ് ഔൺസിന് 1211 ഡോളർ വരെ ഇടിഞ്ഞു. വാരാന്ത്യം 1231 ഡോളറിലാണ് മഞ്ഞലോഹം. സാങ്കേതികമായി വിക്ഷിച്ചാൽ മഞ്ഞലോഹം സെല്ലിങ് മൂഡിലാണ്. ന്യുയോർക്കിൽ ക്രൂഡ് ഓയിൽ ബാരലിന് 70.46 ഡോളറിലാണ്.