മുംബൈ-സ്മാര്‍ട്ട്ഫോണ്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഫോണില്‍ സംസാരിക്കുക, സന്ദേശങ്ങള്‍ അയയ്ക്കുക, ഇന്റര്‍നെറ്റില്‍ പല കാര്യങ്ങള്‍ ചെയ്യുക എന്നിങ്ങനെ എല്ലാത്തിനും ഫോണ്‍ ഉപയോഗിക്കുന്നു. എന്നാല്‍ നമ്മള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ഫോണില്‍ ചിലവഴിക്കുന്നുവെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യക്കാര്‍ തങ്ങളുടെ ഫോണുകളില്‍ ഏറ്റവുമധികം നോക്കുന്നതെന്താണെന്നും അവര്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നും വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്.
ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ 3 മണിക്കൂറില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും ഓണ്‍ലൈന്‍ ഗെയിമിംഗില്‍ പ്രതിദിനം 46 മിനിറ്റിലധികം സമയം ചെലവഴിക്കുകയും ചെയ്യുന്നു എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെക്നോളജി പോളിസി തിങ്ക് ടാങ്കായ ഏഷ്യ സെന്റര്‍ പറയുന്നതനുസരിച്ച്, സോഷ്യല്‍ മീഡിയയാണ് പട്ടികയില്‍ ഒന്നാമത്. ആളുകള്‍ പ്രതിദിനം 194 മിനിറ്റിലധികം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു. അതുപോലെ ഒടിടിയില്‍ 44 മിനിറ്റും ഓണ്‍ലൈന്‍ ഗെയിമിംഗില്‍ 46 മിനിറ്റും ചെലവഴിക്കുന്നു.
ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം 100 രൂപയില്‍ താഴെയും പ്രതിദിനം 1 മണിക്കൂറില്‍ താഴെയുമാണ് ഓണ്‍ലൈന്‍ ഗെയിമിംഗിനായി ചെലവഴിക്കുന്നത്. ഒടിടിയില്‍ 200-400 രൂപയാണ് ഈടാക്കുന്നത്. 143 മൊബൈല്‍ ആപ്പുകളുടെ 20.6 ലക്ഷത്തിലധികം ഉപയോക്താക്കളില്‍ നിന്നുള്ള ഇന്‍-ആപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏകദേശം 2,000 ഉപയോക്താക്കളെ അണിനിരത്തിയാണ് സര്‍വേ നടത്തിയത്.