ലഖ്‌നൗ- കേരളത്തിലെ പുതുപ്പള്ളി പോലെ ഉത്തര്‍പ്രദേശിലെ ഘോസിയിലും ചൂടേറിയ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് കഴിഞ്ഞ മാസം കൂറുമാറിയ ദാരാ സിംഗ് ചൗഹാനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് നേരെ മഷിയേറ് ഉണ്ടായത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സഹതാപ തരംഗമുണ്ടാക്കാന്‍ മറ്റൊരു ബി.ജെ.പി നേതാവാണ് തന്നെ മഷിയാക്രമണം ഏല്‍പ്പിച്ചതെന്ന് പിടിയിലായ പ്രതി പറഞ്ഞതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു.
ഞായറാഴ്ച ചൗഹാന്‍ അഗ്രിയില്‍ ഒരു പ്രചാരണ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. ആദ്യ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ചൗഹാന്‍ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.പിയിലേക്ക് മാറുകയും ഘോസി സീറ്റില്‍ വിജയിക്കുകയും ചെയ്തു. ഈ ജൂലൈയില്‍, അദ്ദേഹം യു.പി നിയമസഭയില്‍നിന്ന് രാജിവച്ച് ബി.ജെ.പിയിലേക്ക് മടങ്ങി. അങ്ങനെയാണ് സെപ്‌ററംബര്‍ 5 ന് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അഭിമന്യു മോനു യാദവ് എന്നയാളാണ് അക്രമിയെന്ന് പോലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. തിങ്കളാഴ്ച യാദവ് തന്നെ പോലീസില്‍ കീഴടങ്ങുകയും മറ്റൊരു ബി.ജെ.പി നേതാവായ പ്രിന്‍സ് യാദവ് നടത്തിയ ഓപറേഷന്റെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്തതോടെ വിഷയം പുതിയ വഴിത്തിരിവിലെത്തി. മോനു യാദവ് ഇപ്പോള്‍ അറസ്റ്റിലാണ്.
അതേസമയം, തന്നെയും യാദവ വോട്ടര്‍മാരെയും അസ്വസ്ഥരാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിംഗിന്റെ പരിപാടിയാണിതെന്നാണ് യാദവിന്റെ ആരോപണം. മോനു യാദവിന് എസ്.പിയുമായി ബന്ധമുണ്ടെന്നും ചൗഹാനോട് പകയുണ്ടെന്നും പോലീസും അവകാശപ്പെട്ടു.






