Sorry, you need to enable JavaScript to visit this website.

തന്റെ സംഭാവനകളെ വിസ്മരിക്കുന്നു, പൊതുമരാമത്ത് വകുപ്പിനെതിരെ ജി. സുധാകരന്‍

ആലപ്പുഴ- പൊതുമരാമത്ത് വകുപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരന്‍. ആലപ്പുഴയിലെ പാലങ്ങളുടെ നിര്‍മ്മാണത്തില്‍ മുന്‍ ഇടതു സര്‍ക്കാരിന്റെ ഇടപെടല്‍ വിസ്മരിക്കുന്നുവെന്ന് കാട്ടിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി കൂടിയായിരുന്ന ജി. സുധാകരന്റെ വിമര്‍ശനം. ഉദ്ഘാടനം നടക്കാനിരിക്കുന്ന ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെ നിര്‍മ്മാണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശമുന്നയിച്ചത്.
കഴിഞ്ഞ സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് 70 പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. ആലപ്പുഴയില്‍ എട്ട് പാലങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പണം അനുവദിച്ചു. ഇതുപോലെ 500 പാലങ്ങളാണ് നിര്‍മിക്കുന്നത്. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍പോലും കഴിഞ്ഞ ഗവണ്‍മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു. ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താന്‍. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇത് എത്രമാത്രം സഹായമാണ്. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറുസൂചന പോലും കാണുന്നില്ല. ഇതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ഇത്തരം നടപടികള്‍ ശരിയല്ലെന്നും ജി. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.എം തന്നെ നിരന്തരം അവഗണിക്കുന്നുവെന്ന തരത്തില്‍ മുന്‍മന്ത്രിയായ ജി. സുധാകരന്‍ പരോക്ഷമായി സി.പി.എമ്മിനെതിരെ അടുത്ത നാളുകളില്‍ രംഗത്ത് വന്നിരുന്നു.

 

Latest News