Sorry, you need to enable JavaScript to visit this website.

യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ കൊലപ്പെടുത്തിയ അസം സ്വദേശി പിടിയില്‍

കൊച്ചി- നെല്ലാട് വീട്ടൂരില്‍ റബ്ബര്‍ തോട്ടത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി പിടിയില്‍. മുഹമ്മദ് മോഫൂര്‍ അലി (ലംബോ ഭായി- 37) ആണ് കുന്നത്ത് നാട് പോലീസിന്റെ പിടിയിലായത്. 

പ്രധാന പ്രതി രായമംഗലം കീഴില്ലം വട്ടപ്പറമ്പില്‍ സാജു പൗലോസ് (60)നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഐരാപുരം സ്വദേശി എല്‍ദോസ് ആണ് മരണപ്പെട്ടത്. സാജു പൗലോസും മുഹമ്മദ് മോഫൂര്‍ അലിയും ചേര്‍ന്നാണ് എല്‍ദോസിനെ റബര്‍ തോട്ടത്തില്‍ കൊണ്ടുവന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സാജുപൗലോസിന്റെ മകന്‍ ഒരു വര്‍ഷം മുമ്പ് കൊലചെയ്യപ്പെട്ടിരുന്നു. ഇതിലെ പ്രതിയെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് സാജു പോലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ പണമിടപാട് നടന്നതായി സൂചനയുണ്ട്. 

18ന് വൈകിട്ട് തൃക്കളത്തൂരില്‍ നിന്നുമാണ് എല്‍ദോസിനെ ഓട്ടോറിക്ഷയില്‍ക്കയറ്റി റബര്‍ തോട്ടത്തിലെത്തിച്ച് കൊലപ്പെടുത്തിയത്. 19ന് രാവിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടനായി. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിനിടയില്‍ കീഴില്ലം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് അസം സ്വദേശി പിടിയിലായത്.

സാജുവിന്റെ സഹോദരന്റെ വീട്ടിലെ ജോലിക്കാരനാണ് ഇയാള്‍. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡി. വൈ. എസ്. പി പി. പി. ഷംസ്, ഇന്‍സ്‌പെക്ടര്‍ വി. പി. സുധീഷ്, എസ്. ഐമാരായ എ. എല്‍. അഭിലാഷ്, ആര്‍. ഹരിദാസ്, എ. എസ്. ഐമാരായ ജെ. സജി, എന്‍. വേണുഗോപാല്‍, എന്‍. കെ. ജേക്കബ്ബ്, കെ. എ. നൗഷാദ്, എസ്. സി. പി. ഒമാരായ ടി. എ. അഫ്‌സല്‍, വര്‍ഗീസ്. ടി. വേണാട്ട്, പി. കെ. ശ്രീജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Latest News