Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഫ്ലാറ്റുകൾ വാടകക്കെടുക്കുന്നവർ തട്ടിപ്പിൽ കുടുങ്ങരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജിദ്ദ - ഫ്ലാറ്റുകൾ വാടകക്കെടുക്കാൻ ആഗ്രഹിക്കുന്നവർ തട്ടിപ്പിൽ കുടുങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധൻ സഅദ് അൽശായിഖി പറഞ്ഞു. പാർപ്പിട സേവനങ്ങൾക്കുള്ള ഈജാർ പ്ലാറ്റ്‌ഫോം വഴി ഫ്ലാറ്റുകൾ വാടകക്ക് നൽകി ആളുകളെ കബളിപ്പിക്കാൻ ചില അംഗീകൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വിദേശികളുമായി ഒത്തുകളിക്കുന്നുണ്ട്. ലൈസൻസില്ലാത്തവരെ വാടക കരാർ എഴുതാൻ അനുവദിക്കുന്നത് വ്യക്തമായ നിയമ ലംഘനമാണ്. 
ഒരു പ്രദേശത്ത് പ്രചാരത്തിലുള്ളതിലും വളരെ കുറഞ്ഞ നിരക്കിൽ ഫ്ലാറ്റുകൾവാടകക്ക് കിട്ടുമെന്ന് പറഞ്ഞ് ഓഫർ ലഭിക്കുന്ന പക്ഷം പ്രത്യേകം ശ്രദ്ധിക്കണം. റിയാദ് പോലെ ഫ്ലാറ്റുകൾ ആവശ്യം ഏറെ കൂടിയ നഗരങ്ങളിലും പ്രവിശ്യകളിലും സാധാരണയിൽ 50,000 റിയാൽ വരെ വാടകയുള്ള ഫ്ലാറ്റ് 25,000 റിയാൽ വാടകക്ക് ലഭിക്കുമെന്ന ഓഫർ കാണുന്ന പക്ഷം എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കണം. ഫ്ലാറ്റുകൾ വാടകക്ക് നൽകുന്ന വ്യക്തി നേരിട്ട് കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഫോൺ കോളുകൾ വഴി മാത്രമാണ് ആശയവിനിമയം നടത്തുന്നതെങ്കിലും എന്തോ ചതിയുണ്ടെന്ന് മനസ്സിൽ കാണണം. 
വാടക ഇനത്തിലെ പണം ഒരിക്കലും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യരുത്. സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ അക്കൗണ്ടിലേക്ക് മാത്രം പണം ട്രാൻസ്ഫർ ചെയ്യണം. അതല്ലെങ്കിൽ സ്ഥാപന ആസ്ഥാനത്ത് നേരിട്ട് എത്തി പണം ട്രാൻസ്ഫർ ചെയ്യുന്ന കാര്യത്തിൽ പ്രത്യേകം ധാരണയിലെത്തണം. തട്ടിപ്പിൽ കുടുങ്ങിയാൽ വാടക്കാരൻ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുമായി ബന്ധപ്പെടണം. കേസിൽ അതോറിറ്റി നടപടികൾ സ്വീകരിക്കുമെന്നും സഅദ് അൽശായിഖി പറഞ്ഞു.

Latest News