കണ്ണൂർ-വടക്കെ മലബാറിലെ മലയോര ഗ്രാമമായ കേളകത്ത് വികസിപ്പിച്ചെടുത്ത ഗ്രാഫ്റ്റ് ഇനം കശുമാവ് കാഷ്യു കിങ് ഇനി ആഫ്രിക്കയിലെ കാമറൂണിലെ തോട്ടത്തിൽ വിളയും. കേളകം സ്വദേശി ജിജു വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിൽ വികസിപ്പിച്ചെടുത്ത കാഷ്യു കിംഗ് ഇനത്തിൽ പെട്ട കശുമാവിൻ തൈ ആണ് ആലക്കോട് സ്വദേശി ജോഷിയുടെ, ഉടമസ്ഥതയിൽ ആഫ്രിക്കയിലെ കാമറൂണിലുള്ള നൂറുക്കണക്കിന് ഏക്കർ കൃഷിയിടത്തിൽ ഇനി വിളയുക.
കശുമാവിന്റെ രാജാവെന്ന് ഖ്യാതി നേടിയ ഇനമാണ് കാഷ്യു കിങ് കശുമാവ് തൈകൾ. കേളകം അടക്കാത്തോട്ടിലെ കൃഷി വിദഗ്ധനായ പടിയകണ്ടത്തിൽ ജിജു ദീർഘകാലത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷം വിജയിപ്പിച്ച ഇനമാണ് കാഷ്യു കിങ് എന്ന പേരിൽ പ്രസിദ്ധമായത്. സ്വന്തം കൃഷിസ്ഥലത്ത് ജിജുവിന്റെ കശുമാവുകൾ താങ്ങാവുന്നതിലധികം കായ്ച്ച് നിൽക്കുന്നത് കർഷകർക്ക് വിസ്മയമാകാറുണ്ട് .ഇപ്പോൾ സൗത്ത് ആഫ്രിക്കയിലെ കാമറൂണിലാണ് പുതിയതായി കാഷ്യു കിംഗ് കശുമാവ് കൃഷി തോട്ടം ഒരുക്കുന്നത്. 25 വർഷമായി ആഫ്രിക്കയിലെ കാമറൂണിൽ വൈവിധ്യ കൃഷി നടത്തുന്ന കർഷകനാണ് ആലക്കോട് സ്വദേശി ജോഷി. ഇവിടെക്കായി ആയിരകണക്കിന് കാഷ്യു കിംഗ് തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്നതിനായി പടിയാകണ്ടത്തിൽ ജിജുവിന്റെ മേൽനോട്ടത്തിൽ കേളകം അടക്കത്തോട്ടിൽ കവളമാക്കൽ മജു തോമസ് , നെല്ലിക്കുന്നത്ത് ബിജു, കോട്ടയം സ്വദേശി ബിജു എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശീയരുടെ സഹകരണത്തോടെ പ്രവൃത്തി പുരോഗമിക്കുകയാണിപ്പോൾ.
കൃഷി പലതും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് സ്വന്തമായി നട്ടുവളർത്തി വികസിപ്പിച്ചെടുത്ത കശുമാവിന് കാഷ്യൂ കിങ് എന്നപേര് ജിജു നൽകിയത്. പുതിയ ഇനം വിജയിച്ചതോടെയാണ് അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജുവിന്റെ കാർഷിക സ്വപ്നങ്ങൾ പൂവണിയുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് വരുമാനം നൽകുന്ന കാഷ്യൂ കിങ് ആണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലും താരമാകുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിച്ച് സമൃദ്ധമായി വിളയുന്ന കാഷ്യു കിങ് മഹാരാഷ്ട്ര, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടിലേക്കും കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി കാഷ്യൂ കിങ്ങിന് ആവശ്യക്കാരെത്തിയതായി ജിജു പറഞ്ഞു . ഗ്രാഫ്ട് കശുമാവ് തൈകൾക്ക് പുറമെ വിവിധയിനം വിദേശ ഫലവൃക്ഷങ്ങളുടെ തൈകൾ, മാവുകൾ, പ്ലാവുകൾ, പേരുകൾ, ചാമ്പക്ക തുടങ്ങി വിവിധ ഇനങ്ങളുടെ തൈകളും ജിജുവിന്റെ കൈകളിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് പകർന്നെത്തുന്നത് വിജയഗാഥയുടെ തുടർച്ചയായാണ്.