Sorry, you need to enable JavaScript to visit this website.

നീതിയുടെ വാടാത്ത പൂവ്

ടീസ്റ്റ സെതൽവാദ്

ബെസ്റ്റ് ബേക്കറി കേസ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയത് സിറ്റിസൻസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ ശ്രമം കൊണ്ടാണ്. ടീസ്റ്റയുടെ പ്രവർത്തനങ്ങളെ കേന്ദ്രം വളരെ സൂക്ഷിച്ചു നിരീക്ഷിച്ചു. അവരെ ലക്ഷ്യം വെച്ചു പല നടപടികളും കൈക്കൊണ്ടു. എങ്കിലും തളരാതെ മുന്നോട്ട് തന്നെയാണ് ടീസ്റ്റ. രാജ്യം ടീസ്റ്റയെ ആഗ്രഹിക്കുന്നു.  രാജ്യത്ത് നിരന്തരം ആക്രമിക്കപ്പെടുന്ന, അവകാശലംഘനങ്ങൾക്ക് വിധേയ മാക്കപ്പെടുന്ന, നിശ്ശബ്ദരാക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഭരണഘടനകൊണ്ട് സംരക്ഷിക്കാൻ ഇനിയും കുറെയേറെ ടീസ്റ്റമാർ ഉണ്ടാകേണ്ടതുണ്ട്.

 

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തെക്കുറിച്ചും വംശവെറിയെക്കുറിച്ചും സംസാരിക്കുമോ എന്ന ഭയം കാരണം അധികൃതർ പ്രസംഗത്തിന് കൂച്ചുവിലങ്ങിട്ട മനുഷ്യാവകാശ പ്രവർത്തകയാണ് ടീസ്റ്റ സെതൽവാദ്. ഇന്ത്യയുടെ പോരാട്ടത്തിന്റെ പെൺപ്രതീകം. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ക്യാംപസിൽ അവരെ പ്രസംഗിപ്പിക്കരുതെന്ന കൽപനയുണ്ടായത് അങ്ങനെയാണ്. സത്യം പറയുന്നവരെ ഭരണാധികാരികൾക്ക് ഭയമാണെന്ന ലോകസത്യത്തിന്റെ ഒടുവിലത്തെ ഉദാഹരണം.
മണിപ്പൂരിലെയും ഹരിയാനയിലെയും കലാപങ്ങൾ ആവശ്യപ്പെടുന്നത് കുറെയേറെ ടീസ്റ്റ സെതൽവാദ്മാരെയാണ്. ഗുജറാത്തിലെ വംശഹത്യക്കു ശേഷം ജീവിക്കുന്ന ഇരകൾക്കൊപ്പം സ്വന്തം ജീവനെയും ജീവിതത്തെയും കാര്യമാക്കാതെ പോരാടിയ മനുഷ്യാവകാശ പ്രവർത്തകയാണ് ടീസ്റ്റ. നീതി തേടി പലകോടതികളിലായി വർഷങ്ങളോളം കയറിയിറങ്ങുകയാണവർ.

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട പാർലമെന്റംഗം ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയുടെ നിയമപോരാട്ടം ഗുജറാത്തിലെ അതിക്രമക്കേസുകളുടെ ചുരുളഴിയിക്കാൻ പ്രാപ്തമായ ഒന്നായിരുന്നു. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല എന്നത് അതിക്രമങ്ങളിൽ ഏറ്റവും ക്രൂരമായ ഒന്നായിരുന്നു. അഹമ്മദാബാദിനടുത്തുള്ള ചമൻപുര യിലുള്ള ഗുൽബർഗ് സൊസൈറ്റി പ്രദേശം കൂടുതലും മുസ്‌ലിം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശമായിരുന്നു.  സാമൂഹിക വിരുദ്ധരായ കുറെ മുസ്‌ലിം വിരുദ്ധ അതിക്രമികൾ അവിടെ ഉണ്ടായിരുന്ന എല്ലാവീടുകളും ചുട്ടെരിച്ചു. 35 പേരെ കൊലപ്പെടുത്തി. 32 പേരെ കാണാതായി. അവർ കൊല്ലപ്പെട്ടതായിരിക്കാം എന്ന് അംഗീകരിക്കപ്പെട്ടു. അങ്ങനെ 69 ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്.

സാക്കിയ ജാഫ്രിയുടെ പോരാട്ടത്തിൽ കരുത്തായത് ടീസ്റ്റയുടെ നിരന്തരമായ പിന്തുണയാണ്. അവരുടെ സഹ പരാതിക്കാരിയായി ടീസ്റ്റ.

ഗുജറാത്തിലെ വംശഹത്യ ഭരണകൂടം നയിച്ചതാണ് എന്ന് ഏറെക്കുറെ സംശയാതീതമായിത്തന്നെ മനസ്സിലാക്കപ്പെട്ടിരുന്നുവെങ്കിലും ഇരകളുടെ നേരിട്ടുള്ള സാക്ഷ്യങ്ങൾ കോടതികളിൽ എത്തിക്കുന്നതിനായത് ടീസ്റ്റ സെതൽവാദിന്റെ ശ്രമം കൊണ്ടാണ്. ഗുജറാത്ത് വംശഹത്യക്കു നേതൃത്വം കൊടുത്ത ഭരണ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരാനുള്ള ശ്രമമായിരുന്നു അത്. അതുകൊണ്ട് തന്നെയാണ് ടീസ്റ്റ അതിഭീകരമായി വേട്ടയാടപ്പെട്ടത്. ജാമ്യമില്ലാതെ ജയിലിലടക്കപ്പെട്ടു, റെയ്ഡ് നടത്തി ആരോപണങ്ങൾ ഉന്നയിച്ചു. അവരെ അപമാനിക്കാൻ ശ്രമിച്ചു. അങ്ങനെ നീണ്ടു പോകുന്ന വേട്ടയാടലുകൾ.

എന്നാൽ തീയിൽ കുരുത്ത ഈ നീതിയുടെ പൂവ് വെയിലെറ്റൊന്നും വാടാൻ പോകുന്നില്ല. ജാലിയൻവാലാ ബാഗ് സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഹണ്ടർ കമ്മീഷനിലെ ഇന്ത്യൻ അംഗങ്ങളിലൊരാളായിരുന്നു ടീസ്റ്റയുടെ മുതു മുത്തച്ഛൻ. ആദ്യത്തെ അറ്റോർണിയായിരുന്ന എം.സി സെതൽവാദാണ് ടീസ്റ്റയുടെ മുത്തച്ഛൻ. അദ്ദേഹമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ലോ കമ്മീഷൻ അധ്യക്ഷൻ. അച്ഛൻ അതുൽ സെതൽ വാദ് ബോംബെ ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനാണ്. അമ്മ സിത സെതൽവാദ് കൈത്തൊഴിൽ രംഗത്താണ് പ്രവർത്തിക്കുന്നത്.
ടീസ്റ്റ പത്ര പ്രവർത്തന രംഗത്താണ് പ്രവർത്തനം തുടങ്ങുന്നത്. അവരുടെ അച്ഛൻ അതുൽ സെതൽവാദ്, അമേരിക്കയിലെ വാട്ടർ ഗേറ്റ് സംഭവത്തെ സംബന്ധിച്ച് ബോബ് വുഡ് വെർഡും, കാൾ ബെൺ സ്റ്റേനും ചേർന്ന് രചിച്ച 'ഓൾ പ്രസിഡന്റ്സ് മെൻ ' എന്ന പുസ്തകം സമ്മാനിച്ചിരുന്നു. അത് വായിച്ചാണ് അവർ പത്രപ്രവർത്തനം അവരുടെ പ്രവർത്തനമേഖലയായി തെരഞ്ഞെടുക്കുന്നത് എന്ന് അവർ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ എക്‌സ്പ്രസ്സിലും ബിസിനസ് ഇന്ത്യയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. കുപ്രസിദ്ധമായ ഭീവണ്ടിയിലെ വർഗീയ കലാപം അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കമ്മ്യുണലിസം കോമ്പാറ്റ് എന്ന മാസിക അവരും ഭർത്താവ് ജാവേദ് ആനന്ദും കൂടി നടത്തിയിരുന്നു. തുടർന്ന് സമാന ഹൃദയരായ സുഹൃത്തുക്കളുമായി ചേർന്ന് സിറ്റിസൻസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനക്കു രൂപം കൊടുത്തു. ഈ സംഘടനയാണ് ഗുജറാത്ത് കലാപത്തിന് ശേഷം ഇരയാവർക്ക് വേണ്ടിയുള്ള പ്രധാന നിയമനടപടികൾക്ക് നേതൃത്വം കൊടുത്തത്.

ബെസ്റ്റ് ബേക്കറി കേസ് സംസ്ഥാനത്തിനുപുറത്തേക്ക് കൊണ്ട് പോയത് സിറ്റിസൻസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ ശ്രമം കൊണ്ടാണ്. ടീസ്റ്റയുടെ പ്രവർത്തനങ്ങളെ കേന്ദ്രം വളരെ സൂക്ഷിച്ചു നിരീക്ഷിച്ചു. അവരെ ലക്ഷ്യം വെച്ചു പല നടപടികളും കൈക്കൊണ്ടു. എങ്കിലും തളരാതെ മുന്നോട്ട് തന്നെയാണ് ടീസ്റ്റ. രാജ്യം ടീസ്റ്റയെ ആഗ്രഹിക്കുന്നു.  രാജ്യത്ത് നിരന്തരം ആക്രമിക്കപ്പെടുന്ന, അവകാശലംഘനങ്ങൾക്ക് വിധേയ മാക്കപ്പെടുന്ന, നിശ്ശബ്ദരാക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഭരണഘടനകൊണ്ട് സംരക്ഷിക്കാൻ ഇനിയും കുറെയേറെ ടീസ്റ്റമാർ ഉണ്ടാകേണ്ടതുണ്ട്.

Latest News